#ദിനസരികൾ 642
ബി ജെ പിയില്‍ നിന്നും ജനാധിപത്യപരമായ ഒരു മൂല്യവും നാം പ്രതീക്ഷിക്കരുത്. ലക്ഷ്യംപോലെ തന്നെ മാര്‍ഗ്ഗവും പ്രധാനമാണ് എന്നൊക്കെയുള്ള മഹദ്വചനങ്ങള്‍ ഒന്നാംക്ലാസിലെത്തുന്നതിനു മുമ്പേ തന്നെ അവര്‍ ഉപേക്ഷിച്ചു കഴിഞ്ഞതാണ്. ഉദ്ദേശം നേടിയെടുക്കാന്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ അക്കൂട്ടര്‍ ഒരു കാലത്തും മടിച്ചിട്ടില്ലെന്നു അവരുടെ ചരിത്രം നമ്മോടു പറയും. അതുകൊണ്ട് ഓപ്പറേഷന്‍ താമര എന്ന പേരില്‍ കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി ബി ജെ പിയും കൂട്ടരും നടത്തുന്ന കുതിരക്കച്ചവടങ്ങള്‍ ഒട്ടും അപ്രതീക്ഷിതമാകുന്നില്ല.
കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍തന്നെ ഇത്തരമൊരു നീക്കം സംഘപരിവാരശക്തികളെ അറിയുന്നവര്‍ പ്രതീക്ഷിച്ചു പോന്നതാണ്. ഇപ്പോള്‍ രണ്ടു സ്വതന്ത്ര എം എൽ എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ എം എൽ എമാരില്‍ അഞ്ചോ ആറോ പേര്‍ കൂറൂമാറിയതായും സൂചനകള്‍ പുറത്തു വരുന്നു. പൊതുപ്രവര്‍ത്തകനായ ഒരുവന്‍ ഏതു സ്ഥാനത്തെത്തിയാലും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തത്ര കോടികളാണ് പാളയം മാറുന്നവര്‍ക്കു പ്രതിഫലമായി ലഭിക്കുന്നതത്രേ! അപ്പോള്‍പ്പിന്നെ ജനാധിപത്യത്തിന് എന്തു പ്രസക്തി?
ബി ജെ പി നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശക്തമായ ശ്രമത്തിലാണ്. അടര്‍ന്നു പോകാന്‍ സാധ്യതയുള്ളവരെ കൂടെ നിറുത്തുന്നതിനു വേണ്ടി മന്ത്രിസ്ഥാനമടക്കമുള്ള പ്രലോഭനങ്ങളുമായി അവരും രംഗത്തുണ്ട്. മന്ത്രിസഭയ്ക്ക് യാതൊരു വിധത്തിലുള്ള കുഴപ്പവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആണയിടുന്നു. ഒളിച്ചു പോയവരില്‍ മൂന്നുപേരെ തിരിച്ചുകൊണ്ടുവന്നത് ബി ജെ പിയുടെ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പക്ഷത്തിന് കഴിയുമെന്ന പ്രതീക്ഷ പകരുന്നുണ്ടത്രേ!
വിശ്വാസ്യതയില്ലാത്ത അനര്‍ഹര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കി കൂടെ നിർത്തിക്കൊണ്ട് എത്രനാള്‍ കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ കഴിയുമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. അവിശ്വാസം വിജയിച്ചാലും പരാജയപ്പെട്ടാലും ഈ നീക്കവും തളര്‍ത്തുന്നത് നാടിനെത്തന്നെയാണെങ്കിലും വര്‍ഗ്ഗീയ ശക്തികളെ എതിര്‍ക്കുന്നതിനു വേണ്ടിയാണെന്നത് ആശ്വാസകരമാണ്.
അന്തസ്സ് എന്ന പദത്തിന് നിദാനമായിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരിക്കാമെങ്കിലും രാഷ്ട്രീയത്തില്‍ പ്രസ്തുത പദം പ്രയോഗിക്കപ്പെടുമ്പോള്‍ ജനാധിപത്യമര്യാദകളെ മാനിക്കുക എന്നൊരു വിശാലമായ അര്‍ത്ഥം വന്നു ചേരുന്നുണ്ട്. ജനാധിപത്യത്തില്‍, ജനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പു വിധിയെ അംഗീകരിക്കുക എന്നതായിരിക്കും ഒരു പക്ഷേ ഈ അന്തസ്സ് എന്ന പദത്തിന്റെ പരമമായ അര്‍ത്ഥമായി പരിഗണിക്കുക.അങ്ങനെ വരുമ്പോള്‍ എം എൽ എമാരെ വിലയ്ക്കെടുത്തുകൊണ്ട് ബി ജെ പിയും കൂട്ടരും കര്‍ണാടകയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കുതിരക്കച്ചവടം രാഷ്ട്രീയ അന്തസ്സില്ലായ്മയാണ്.
നമുക്കു പരിചയമുള്ള ബി ജെ പിയില്‍ നിന്ന് ഏതെങ്കിലും കാലത്ത് അത്തരത്തില്‍ അന്തസ്സുള്ള, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന, രാഷ്ട്രീയ മൂല്യങ്ങളെ മാനിക്കുന്ന ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ ലഭിച്ചിട്ടില്ല എന്നതുകൂടി കൂട്ടി വായിക്കുമ്പോഴേ രാജ്യം ഭരിക്കുന്ന ഒരു കക്ഷി നമുക്ക് സമ്മാനിക്കുന്നത് എത്ര മാത്രം അപകടകരമായ സാധ്യതകളെയാണ് എന്ന് മനസിലാകുകയുള്ളു. ബി ജെ പി ഒരു മതാധിഷ്ടിത വര്‍ഗ്ഗീയ ശക്തിയായി ഇവിടെ നില്ക്കുന്നിടത്തോളം കാലം ഈ രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും എക്കാലത്തും അപകടത്തില്‍ തന്നെയായിരിക്കുമെന്നത് നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും.
വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി