Sun. Dec 22nd, 2024

#ദിനസരികൾ 641

വൈദ്യശാസ്ത്ര രംഗത്തേക്ക് കടന്നുവരുന്നവരെടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയില്‍ “എന്റെ കഴിവും ബോദ്ധ്യവും അനുസരിച്ച് രോഗികളുടെ നന്മയ്ക്കായി ഉചിതമായ ചികിത്സാവിധികൾ നിഷ്കർഷിക്കുകയും ആർക്കും ഉപദ്രവം വരുത്താതിരിക്കുകയും ചെയ്തു കൊള്ളാം“ എന്നു പറയുന്നുണ്ട്. എന്നാല്‍ ഇക്കാലങ്ങളില്‍ ഈ പ്രതിജ്ഞക്കു വിരുദ്ധമായി പണത്തിനോടുള്ള അത്യാര്‍ത്തി കൊണ്ട് ചികിത്സാരംഗം വളരെയധികം അധാര്‍മികമായിത്തീര്‍ന്നിരിക്കുന്നു. ഡോക്ടറില്‍ വിശ്വാസമര്‍പ്പിച്ചു ചികിത്സ തേടിയെത്തുന്ന രോഗികളെ എല്ലാ രീതിയിലും ചൂഷണം ചെയ്യുകയെന്നതാണ് ഡോക്ടറുടെ കഴിവിന്റെ മാനദണ്ഡം എന്നായിരിക്കുന്നു.

പി ആര്‍ ഒ കളായി ചിലരെ നിയമിച്ചു കൊണ്ട് ചുളുവില്‍ പ്രശസ്തനായിത്തീര്‍ന്ന ഒരു ഡോക്ടറുടെ കഥ കേള്‍ക്കുക. വളരെ ചെറുപ്പക്കാരനായ ഇദ്ദേഹം ആശുപത്രിയില്‍ വന്ന് ചാര്‍ജ്ജ് എടുക്കുന്നു. പതിയെപ്പതിയെ നഗരത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളും ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ പുതിയ ഡോക്ടറെക്കുറിച്ച് നിഷ്കളങ്കമെന്നു തോന്നുന്ന ചില അന്വേഷണങ്ങളും ഉത്തരങ്ങളും വന്നു വീഴുന്നു. അതു കാണുന്നവന് ഒരു വിവരം അന്വേഷിക്കുന്നുവെന്നതല്ലാതെ മറ്റൊന്നും തോന്നിപ്പിക്കാത്ത തരത്തിലുള്ള ഇടപെടലുകള്‍.

പതിയെപ്പതിയെ നിര്‍‌ദ്ദോഷങ്ങളെന്നു തോന്നുന്ന അത്തരം ഇടപെടലുകളില്‍ ഈ ഡോക്ടറുടെ പേര് കൂടുതല്‍ കൂടുതലായി ഉയര്‍ന്നു വരുന്നു. അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍, വളരയെധികം സമയമെടുത്തുകൊണ്ടുള്ള പരിശോധനകള്‍, രോഗികളോട് സ്നേഹത്തോടെ ഇടപെടുന്നതിന്റെ ആശ്വാസങ്ങള്‍, മറ്റു ഡോക്ടര്‍മാര്‍ (പ്രത്യേകിച്ചും നഗരത്തില്‍ കൊല്ലങ്ങളുടെ അധ്വാനം കൊണ്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു മറ്റൊരു ഡോക്ടറുടെ പേരെടുത്തു പറയുന്നു) ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗങ്ങളെ ഇദ്ദേഹം വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മാറ്റിയെടുത്തത്, സര്‍‌വ്വോപരി അദ്ദേഹം കുറിക്കുന്ന മരുന്നുകള്‍ രോഗികളില്‍ വളരെ പെട്ടെന്നുണ്ടാക്കുന്ന ഗുണഫലങ്ങള്‍ എന്നിങ്ങനെ ആധികാരികമെന്നും സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതെന്നുമുള്ള അടിക്കുറിപ്പുകളോടെ പുതിയ ഡോക്ടറുടെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സമാന്തരമായി മെഡിക്കല്‍ ഷോപ്പുകള്‍ ആശുപത്രികള്‍, മറ്റു ഡോക്ടര്‍മാരുടെ രോഗികള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ ഇതേ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നു. എന്തിനധികം, വളരെ ചുരുങ്ങിയ കാലം കൊണ്ട് ആ ഡോക്ടർ നഗരത്തില്‍ വളരെ പ്രശസ്തനായി മാറുന്നു.

അടുത്തതായി അദ്ദേഹം ബിനാമികളിലൂടെ കളി തുടങ്ങുന്നു. നഗര മധ്യത്തില്‍ ഒരു വലിയ കെട്ടിടം കണ്ടെത്തുന്നു. അവിടെ ഒരു മെഡിക്കല്‍ ഷോപ്പും ലാബും മറ്റുമൊക്കെ സ്ഥാപിക്കുന്നു. മറ്റു ചില ഡോക്ടര്‍‌മാര്‍ക്കു കൂടി സൌജന്യമായി പ്രാക്ടീസിനുള്ള മുറികളും മറ്റും അനുവദിച്ചുകൊണ്ട് കുടിപാര്‍പ്പിക്കുന്നു. അവര്‍ കുറിക്കുന്ന മരുന്നുകള്‍ ലഭിക്കുന്ന ഏക സ്ഥാപനം ആ ഷോപ്പായി മാറുന്നു. വരുന്ന രോഗികള്‍ക്ക് വിവിധങ്ങളായ ലാബുപരിശോധനകള്‍ നിര്‍‌ദ്ദേശിക്കപ്പെടുന്നു. നഗരത്തിലെ ചികിത്സയുടെ സിംഹഭാഗവും വളരെക്കുറഞ്ഞ കാലംകൊണ്ട് ഈ ഡോക്ടറുടേയും കൂട്ടരുടേയും നിയന്ത്രണത്തിലായിത്തീരുന്നു.

മേല്‍പറഞ്ഞ ഡോക്ടറെക്കുറിച്ച് ഇപ്പോള്‍ പൊതുവേ കേള്‍ക്കുന്നത് വളരെ വിലകൂടിയ മരുന്നുകളെഴുതുന്നുവെന്നും ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ലാബുപരിശോധനകള്‍ നടത്തുന്നുവെന്നുമാണ്. എന്നുവെച്ചാല്‍ ഉണ്ടാക്കിയെടുക്കപ്പെട്ട ഇമേജില്‍ വിള്ളലുകള്‍ വീഴുന്നുവെന്നും ജനത ചിലതൊക്കെ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നുമാണ്.

മരുന്നു കമ്പനികളെ പ്രീതിപ്പെടുത്താന്‍ അവര്‍ നിര്‍‌ദ്ദേശിക്കുന്ന മരുന്നുകള്‍ കുറിച്ചു കൊടുക്കുക എന്നൊരു സ്വഭാവത്തെക്കുറിച്ച് ഇതിനുമുമ്പും നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജനറിക് പേരുകളില്‍ മരുന്നുകളെഴുതണമെന്നുള്ള ഔദ്യോഗിക നിര്‍‌ദ്ദേശങ്ങളൊക്കെ നിലവിലുണ്ടെങ്കിലും കോമ്പിനേഷന്‍ തുടങ്ങി പലവിധ കാരണങ്ങള്‍ പറഞ്ഞ ഇപ്പോഴും ബ്രാന്‍ഡ് നെയിമുകളാണ് കുറിക്കപ്പെടുന്നത്. അത്താഴപ്പട്ടിണിക്കാരായ പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്ത് കമ്പനികളുടെ കൊള്ളയടിയുടെ കൂടെ നില്ക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം വളരെ കൂടുതലാണ്.

ചികിത്സാരംഗത്ത് നിലവിലുള്ള തട്ടിപ്പുകളുടെ കഥ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാനാകാത്ത വിധം വിപുലമാണ്. നിയമവും പൊതുജനവും ജാഗ്രതയോടെ കൈകോര്‍ത്തു പിടിക്കുകയെന്നതും നിരന്തരം ഈ വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയാക്കി നിലനിർത്തുക എന്നതും മാത്രമാണ് ഇത്തരം കൊള്ളക്കാരെ നേരിടാനുള്ള പോംവഴി.

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *