അരീക്കോട്:
2018 ഡിസംബര്‍ എട്ടാം തീയതി മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ളോക്കില്‍പ്പെട്ട ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ നിവാസികള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമായിരുന്നു. ചാലിയാർ നദിയുടെയും ചെക്കുന്ന് മലനിരകളുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മിത്ര ജ്യോതി എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഗദ്ദിക എന്ന പേരില്‍ ഒരു വായനശാലയുടെ ഉദ്ഘാടന ചടങ്ങ് നടക്കേണ്ട ദിവസമായിരുന്നു അന്ന് എന്നതാണ് ആ സന്തോഷത്തിന്‍റെ കാരണം.
ആദിവാസി വിഭാഗങ്ങളുടെ വലിയ രീതിയിലുള്ള സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണിത്. മലബാർ മാന്വലിൽ സുവർണ നദിയെന്നു വിളിച്ച ചാലിയാറിന്‍റെ തീരത്തോട് ചേര്‍ന്ന പ്രദേശമായ വെണ്ടേക്കുംപൊയിലില്‍ ഒരു ഗ്രാമീണ വായനശാല ആരംഭിക്കുന്നത് പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പടെ ഉള്ള പ്രദേശവാസികള്‍ക്ക് അറിവിന്‍റെ പുതുലോകത്തേക്ക് ഇറങ്ങി ചെല്ലാനുള്ള സുവര്‍ണ്ണാവസരമായി അവര്‍ കണ്ടു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രദേശത്തെ സി പി എം പ്രവര്‍ത്തകര്‍ ഇരച്ച് കയറി വലിയ രീതിയിലുള്ള ആക്രമണം അഴിച്ചു വിട്ടതായിരുന്നു അവരുടെ സന്തോഷത്തെ തല്ലിക്കെടുത്തിയത്.
ആക്രമണത്തില്‍ ആദിവാസി ഊരുമൂപ്പനടക്കം പതിനഞ്ചോളം വായനശാലാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരാളുടെ തോളെല്ല് പൊട്ടി. ഒരാള്‍ക്ക് തലച്ചോറിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ടു. മറ്റൊരാളുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പോലും അക്രമികള്‍ വെറുതെ വിട്ടില്ല. കോലോത്ത് അജ്മല്‍, ഷിനോജ്, മിഥുന്‍, മൂപ്പന്‍ കോര്‍മന്‍, പഞ്ചായത്ത് അംഗമായ കൃഷ്ണന്‍കുട്ടി, ശാരദ, മകന്‍ അനീഷ്, ഷൈനി, മേരി കുര്യന്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും പരിക്കേറ്റത്. ഇതില്‍ മഞ്ചേരി സ്വദേശിയായ കോലോത്ത് അജ്മലിന് സംഭവം കഴിഞ്ഞു ഒരു മാസം തികയാറായിട്ടും താടിയെല്ലു പൊട്ടിയതിനാല്‍ സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. മാത്രമല്ല ഇയാള്‍ക്ക് ഭാഗികമായി ഓര്‍മ്മശക്തിയും നഷ്ടമായി. ബദല്‍ സ്‌കൂള്‍ അധ്യാപികയായ ഷിജിയുടെ കൈക്ക് ഒടിവുണ്ട്.
ആദിവാസികള്‍, അവരുടെ തന്നെ നേതൃത്വത്തിൽ സ്ഥാപിച്ച ഗ്രന്ഥശാലയെയാണ് അമ്പതോളം വരുന്ന സിപിഎം ഗുണ്ടകള്‍ ആക്രമിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനത സ്വയം സംഘടിക്കുകയും അവകാശബോധമുള്ളവരാകുകയും ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് അക്രമത്തിന് ഇരയായവര്‍ പറയുന്നു. ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ സ്വയം സംഘടിക്കുകയും അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള അസഹിഷ്ണുതയും ആക്രമണവും നേരത്തെയും ഉണ്ടായിട്ടുള്ളതാണ്.
സി പി എമ്മുമായി ബന്ധം ഉപേക്ഷിച്ച് സ്വന്തം രീതിയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഒരു കൂട്ടം ആളുകള്‍ തയ്യാറായതാണ് ആക്രമണത്തിന് പ്രധാന കാരണം. വെണ്ടേക്കുംപൊയിലിലെ പന്നിഫാമിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ചതിന് പ്രതികാരമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ബദല്‍ സ്‌കൂള്‍ അധ്യാപികയായ ഷിജിയാണ് പന്നിഫാമിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ മുന്നില്‍ നിന്നിരുന്നത്. ആക്രമണത്തില്‍ ഇവരുടെ കൈ ഒടിഞ്ഞിരുന്നു.
പക്ഷേ, വെണ്ടേക്കുംപൊയിലില്‍ നടന്ന സംഭവത്തിന് വായനശാല ഉദ്ഘാടനച്ചടങ്ങുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വാദിക്കുന്നത്. മഞ്ചേരി മേലാക്കം സ്വദേശിയായ അജ്മല്‍ എന്ന വ്യക്തിക്കെതിരെ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനവും അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് പ്രദേശത്ത് ഉണ്ടായത് എന്നാണ് ഡി വൈ എഫ് ഐ യുടെ പ്രാദേശിക നേതാവ് ഷറഫുദ്ധീന്‍, വോക്ക് ജേര്‍ണലിനോട് പറഞ്ഞത്. “അജ്മലിനെയാണ് ഞങ്ങള്‍ക്ക് വേണ്ടത്, അയാളാണ് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്. അയാള്‍ക്കെതിരെ നേരത്തെ രണ്ട് തട്ടിപ്പ് കേസുകള്‍ ഉള്ളതാണ്,” ഷറഫുദ്ധീന്‍ പറഞ്ഞു.
അജ്മല്‍ എന്ന അജു കോലോത്തിന്റെ നേതൃത്വത്തില്‍ കോളനികളില്‍ സാമൂഹ്യമാറ്റത്തിന് ശ്രമിക്കുന്നതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണമാണ് ഡി വൈ എഫ് ഐ യുടെ പ്രാദേശിക നേതാവിന്‍റെ വാക്കുകളിലൂടെ ശരിയെന്ന് തെളിയിക്കപ്പെടുന്നത്.
ആക്രമണം നടക്കുമ്പോള്‍ വേദിയില്‍ ഒരു നടിയും, വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഇവരെ വേദിയില്‍ നിന്നും മാറ്റി. കസേരക്കും സ്റ്റൂളിനും പുറമേ കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. വാര്‍ഡ് മെമ്പറും പാലക്കയം ആദിവാസി കോളനി മൂപ്പനുമായ കൃഷ്ണന്‍കുട്ടി പാലക്കയം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പ്രകടനമായെത്തിയ അമ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചുകയറിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളില്‍ നിന്നും പത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, അന്വേഷണം തുടരുന്നുണ്ടെങ്കിലും ഉൾപ്രദേശം ആയതുകൊണ്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു എന്നും ഒരു വിഭാഗം നടത്തിയ പ്രകടനത്തിന് നേരെ നടത്തിയ കല്ലേറാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍ വോക്ക് ജേര്‍ണലിനോട് പറഞ്ഞു. മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന ഒരാള്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതാണ് ആക്രമണത്തിന് കാരണം എന്ന് ഒരു വിഭാഗം വാദിക്കുന്നതായും അദ്ദേഹം പറയുന്നു.
വാസ്തവത്തില്‍ സി പി എം പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായവര്‍ പോലും കേസില്‍ പ്രതിയായി എന്നതാണ് പോലീസിന്‍റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്. എസ് സി /എസ് ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമ പ്രകാരം കേസെടുത്താല്‍ നാല്‍പത്തിയെട്ട് മണിക്കൂറിനകം അറസ്റ്റ് ഉള്‍പ്പടെ ഉള്ള നടപടികള്‍ ഉണ്ടാവണം എന്ന ചട്ടം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. മാനുഷിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും മുഴുവനായും ലംഘിക്കുന്ന രീതിയില്‍ ഭീകരമായ ആക്രമണം നടന്നിട്ട് അത് പുറം ലോകം അറിയുന്നതു പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. സംഭവം നടന്നിട്ട് മാസം ഒന്നാകാറായിട്ടും ഇതുവരെയും പോലീസിന്‍റെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നും ഉണ്ടായിട്ടും ഇല്ല.
വായനശാലകൾ ഗ്രാമങ്ങളിലെ അനൌദ്യോഗിക വിദ്യാലയങ്ങൾ ആണെന്നും അവ വിജ്ഞാനത്തിന്റെ കെടാ വിളക്കുകൾ ആണെന്നും നിരീക്ഷിച്ചത് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനയിതാവും നവോത്ഥാന നായകനും ആയിരുന്ന പി എൻ പണിക്കരാണ്. ഒരു വായനശാല തുറന്നാൽ ഒരു ഗ്രാമത്തിന്റെ അജ്ഞത അത്രയും കുറയും എന്ന് പറഞ്ഞതും അദ്ദേഹം തന്നെയാണ്.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും- അറിവിനെ ആയുധമാക്കുന്ന കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളിയുടെ മനസ്സില്‍ കുഞ്ഞുണ്ണി മാഷിന്‍റെ ഈ വരികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പുസ്തകങ്ങളെ ജീവിതസ്പന്ദനങ്ങളായി കാണുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു.
ലോകജനതയെ മാറ്റിമറിക്കുകയും ദിശാബോധം നല്‍കുകയും ചെയ്തതില്‍ ആവേശവും ചാലകശക്തിയും ആയി വര്‍ത്തിച്ചത് വായനയായിരുന്നു. മലയാളികള്‍ ഏറെ കൊട്ടിഘോഷിച്ച സാക്ഷരതായജ്ഞം പൂർത്തിയാക്കാൻ കേരളത്തിന് കഴിഞ്ഞതും ഗ്രന്ഥശാലകളുടെ പിൻബലം കൊണ്ട് കൂടിയാണ്. വിപണിവല്ക്കരിക്കപ്പെട്ട ഇടങ്ങളിൽ നിന്നും മാറി ജാതി, മത, വർഗ, വര്‍ണ്ണ, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു പൊതു മതേതര ഇടമാണ് വായനശാലകള്‍.
‘വ്യക്തികൾ മരിക്കും പക്ഷേ, പുസ്തകങ്ങൾ മരിക്കുന്നില്ല’ എന്ന റൂസ്‌വെൽറ്റിന്റെ വാക്കുകൾക്ക് അക്ഷരാർത്ഥത്തിൽ അർത്ഥം നൽകുന്ന രീതിയില്‍ ഇന്റർനെറ്റിന്റെയും നവമാധ്യമങ്ങളുടെയും വാഴ്ചയിൽ വായന മരിക്കുന്നു എന്ന് മുറവിളി കൂട്ടുന്നവർക്കു മുമ്പിൽ ചില വായനശാലകള്‍ എങ്കിലും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘം കൊണ്ട് ശക്തരാവുക’ എന്ന ശ്രീനാരായണ ഗുരുവിന്‍റെ വാക്യം ഗ്രന്ഥശാല സംഘം അതേപടി പകര്‍ത്തിയെന്ന് നിസ്സംശയം പറയാം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തി. എ കെ ജിയുടെയും കെ പി ആര്‍ ഗോപാലന്റെയും നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഗ്രന്ഥശാലകള്‍ നിരവധിയുണ്ട്. എ കെ ജിയും മറ്റ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേയ്ക്ക് കടന്നുവന്നത് ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലൂടെയാണ്.
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മോഹങ്ങളില്‍ ഒന്നായിരുന്നു നാട്ടിലെ ഗ്രന്ഥശാലയുടെ നിര്‍മ്മാണം. കേരളത്തെ ഒന്നാകെ ഇളക്കിമറിച്ചുകൊണ്ട് അത്തരം ഒന്ന് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ നിലവില്‍ വരികയും ചെയ്തു. തിരൂര്‍ താലൂക്കരയിലെ ജനങ്ങള്‍ക്കും ഏതാണ്ട് സമാനമായ ഒരാഗ്രഹം ഉണ്ടായിരുന്നു. അക്ഷര വിരോധികളായ ആര്‍ എസ് എസുകാര്‍ കത്തിച്ച തങ്ങളുടെ നാട്ടിലെ എ. കെ. ജി സ്മാരക വായനശാല അതേ സ്ഥലത്ത് പഴയതിനേക്കാള്‍ മികച്ച രീതിയില്‍ ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിക്കുകയും ചെയ്തു. മുകളില്‍ സൂചിപ്പിച്ച രണ്ട് സംഭവങ്ങളിലും പ്രമുഖരും അല്ലാത്തവരുമായ നിരവധി പേര്‍ പുസ്തകങ്ങളുമായി ഗ്രന്ഥശാല സന്ദര്‍ശിച്ചു. ചിലര്‍ പുസ്തകങ്ങള്‍ പാര്‍സലായി അയച്ചുകൊടുത്തു.
സംസ്ഥാനത്തിന്‍റെ അകത്തും പുറത്തും നിന്നുള്ള നിരവധി പേരുടെ സഹകരണം പുസ്തക ശേഖരണ പരിപാടിയെ കേരളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഗ്രന്ഥശാലാ സ്ഥാപന പരിപാടിയാക്കി മാറ്റി. താലൂക്കരയില്‍ നിന്ന് വെണ്ടേക്കുംപൊയിലിലേക്ക് എഴുപത് കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. എന്നാല്‍ പുരോഗമന ആശയങ്ങള്‍ മുറുകെ പിടിക്കുന്നു എന്ന് പറയുന്ന ഒരു സംഘടനയുടെ നിലപാടുകളിലെ വൈരുദ്ധ്യം തിരിച്ചറിയാന്‍ ഇത്രയും ദൂരം സഞ്ചരിച്ച് വെണ്ടേക്കുംപൊയിലില്‍ എത്തിയാല്‍ മതി.
”വായനയാണ് ഒരുവനെ പൂര്‍ണ്ണനാക്കുന്നത്” എന്ന ബേക്കണിന്റെ വാക്കുകളാണ് വായനശാല മുറ്റത്ത് അനാഥമായി ചിതറി കിടക്കുന്നത്.