#ദിനസരികൾ 640
എന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരേ,
കെ ജയചന്ദ്രനെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 1979 ല്‍ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മാതൃഭൂമിയിലുടെയാണ് തന്റെ ജീവിതം തുടങ്ങുന്നത്. വയനാട്ടിലെ ഒരു ഉരുള്‍പൊട്ടല്‍ക്കാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൊണ്ടു വന്ന ജീപ്പുപയോഗിച്ച് ഉദ്യോഗസ്ഥന്മാര്‍ കാട്ടുപന്നിയെ കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് വാര്‍ത്ത ചെയ്തതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പ്രസ്തുത സംഭവത്തെത്തുടര്‍ന്ന് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെങ്കിലും തന്റെ വാര്‍ത്തകളെ തിരുത്താനോ വളച്ചൊടിക്കാനോ അദ്ദേഹം തയ്യാറായില്ല. പിന്നീടങ്ങോട്ട് മനുഷ്യപക്ഷത്തു ഉറച്ചു നിന്നുകൊണ്ടു പോരാടുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ഉദയമാണ് ലോകം കണ്ടത്. നാം ഇന്നറിയുന്ന ജയചന്ദ്രന്‍ ജനിക്കുകയായിരുന്നു.
അതിനുമുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ വയനാട്ടില്‍ നിന്നും വാര്‍ത്തകളുണ്ടായി. ആ വാര്‍ത്തകള്‍ക്ക് ലോകം ചെവി കൊടുത്തു. അടിയാത്തി മാച്ചിയിലൂടെ ആദിവാസി ജീവിതം നേരിടുന്ന കെടുതികളെക്കുറിച്ച് എഴുതപ്പെട്ടു. രണ്ടു സേര്‍ നെല്ലും ഇത്തിരി ചോറും കൊടുത്തു തമ്പുരാക്കന്മാർ അടിമകളാക്കി മാറ്റിയവരുടെ ജീവിതങ്ങളെക്കുറിച്ച് എഴുതപ്പെട്ടു. കൂട്ടമരണം കാത്തിരിക്കുന്ന ആദിവാസി കോളനികളെക്കുറിച്ച് എഴുതപ്പെട്ടു. പോലീസ് മര്‍ദ്ദനങ്ങളെക്കുറിച്ച്, തുറന്ന ജയിലുകളില്‍ മരിച്ചു ജീവിക്കുന്ന തോട്ടം തൊഴിലാളികളെക്കുറിച്ച്, ക്ഷേമപദ്ധതികള്‍ക്കുവേണ്ടി നിശ്ചയിച്ചിരുന്ന തുകകള്‍ വകമാറ്റുന്നതിനെക്കുറിച്ച്, ആദിവാസികളെ മുന്‍നിറുത്തി അധികാരികള്‍ നടത്തുന്ന ചുഷണങ്ങളെക്കുറിച്ച്, നഗരത്തില്‍ നിന്നും കാടുകളിലേക്കെത്തുന്ന മാംസവേട്ടക്കാരെക്കുറിച്ച് ഒക്കെ അദ്ദേഹം ലോകത്തെ അറിയിച്ചു. കേവലം തന്റെ ജോലിയുടെ ഭാഗമായി നടത്തിയ യാന്ത്രികമായ റിപ്പോര്‍ട്ടിംഗ് ആയിരുന്നില്ല അവയൊന്നും തന്നെ. ദു:ഖങ്ങളെ സ്വന്തം നെഞ്ചോട് അമര്‍ത്തിപ്പിടിച്ച മനുഷ്യസ്നേഹിയായ ഒരുവന്റെ കഠിനവ്യഥകള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. അവയില്‍ കാരുണ്യമുണ്ടായിരുന്നു, കരുതലുണ്ടായിരുന്നു, ദുഷിച്ച വ്യവസ്ഥകളോടുള്ള അമര്‍ഷമുണ്ടായിരുന്നു, അഴിമതിക്കാരോട് അടങ്ങാത്ത പൊരുതലുണ്ടായിരുന്നു.
പ്രിയപ്പെട്ട സുഹൃത്തുക്കളേ, അതൊക്കെ ഇന്നും ഇവിടെത്തന്നെയുണ്ട്. ശതകോടികള്‍ മുടക്കിയിട്ടും പൊതുസമൂഹത്തോടൊപ്പം എത്താത്ത ഒരു ജനത പാര്‍ശ്വവത്കരിക്കപ്പെട്ട് വാസ്തുഹാരകളായി ഇന്നും ഇവിടെ ജീവിച്ചു പോകുന്നുണ്ട്. സ്വന്തമായി ഒന്നുമില്ലാത്തവര്‍. സാഹചര്യങ്ങള്‍ എണ്‍പതുകളില്‍ നിന്നും മാറിയിട്ടുണ്ടാകാം. എന്നാല്‍ ചുറ്റുപാടുകളിലെ സമൂഹം വളര്‍ന്നതിനൊപ്പം അവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല. അവരുടെ ഇടയില്‍ നിന്നും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരാശരി ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകമാകുന്നില്ല.
അതുകൊണ്ട് എന്റെ സുഹൃത്തുക്കളേ, കാണികളെ പിടിച്ചു നിറുത്താനുള്ള വെപ്രാളങ്ങള്‍ക്കിടയില്‍, ഉദ്വോഗജനകമായ വാര്‍ത്തകളെ തപ്പിപ്പിടിക്കാനുള്ള സംഭ്രമങ്ങള്‍ക്കിടയില്‍, ജാതിമത ഭ്രാന്തുകളുടെ ദു:സ്വാധീനങ്ങളില്‍പ്പെട്ട് അവരെ തൃപ്തിപ്പെടുത്താനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു പറ്റം ഇവിടെ ജീവിച്ചു പോകുന്നുണ്ടെന്ന് ഇടക്കെങ്കിലും ഓര്‍മ്മിക്കുക. ഇനിയുമിനിയുമിനിയും ലോകം അറിയേണ്ട യാതനകളുടെ കൂമ്പാരങ്ങളും പേറിയാണ് അവര്‍ ജീവിച്ചു പോകുന്നതെന്ന് മറക്കാതിരിക്കുക.
സ്നേഹാദരങ്ങളോടെ നിങ്ങളുടെ സ്വന്തം.
വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി