Fri. Nov 22nd, 2024

പാരീസ്:

നീണ്ട കാലത്തെ നിർമ്മാണ കാലയളവിനുള്ളിൽത്തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘ഡൗ’ (Dau) എന്ന ചലച്ചിത്ര പരമ്പര പ്രദർശനത്തിനായി ഒരുങ്ങുന്നു. സ്ക്രീൻഡെയ്‌ലി ആണ് ഈ വാർത്ത പുറത്തുവിട്ടത്.

റഷ്യൻ സംവിധായകൻ ഇല്യ ഖർജാനൊവ്സ്കിയുടെ സ്വപ്നപദ്ധതിയായ ‘ഡൗ’ സാമ്പ്രദായിക സിനിമ നിർമ്മാണ-പ്രദർശന രീതികളിൽ നിന്നും ഏറെ വിഭിന്നമായ ഒന്നാണ്. സിനിമയോടൊപ്പം തന്നെ വിഷ്വൽ ആർട്ട് പ്രോജക്ടും പ്രതിഷ്ഠാപന കലകളും ഉൾച്ചേർന്ന ഒരു വിശേഷ സംഭവം/അനുഭവം ആയിട്ടായിരിക്കും ‘ഡൗ’ പ്രേക്ഷകർക്ക് മുന്നിലെത്തുക. ജനുവരി 24 ന് പാരീസിലെ തിയറ്റർ ദ് ചിയേറ്റ്ലെറ്റ് (Theatre du Chatelet), തിയേറ്റർ ഡി ല വിൽ (Theatre de la Ville) എന്നീ തിയേറ്ററുകളിൽ ‘ഡൗ’ അവതരിപ്പിക്കപ്പെടും. ഫെബ്രുവരി 17 വരെ നീളുന്ന ഈ പ്രദർശന പരിപാടി 24 മണിക്കൂറും ഇടവിടാതെ നടക്കും.

നോബൽ സമ്മാന ജേതാവായ റഷ്യൻ ഭൗതികശാസ്ത്രജ്ഞൻ ലെവ് ലാൻഡയെക്കുറിച്ച് 3 മില്യൺ ഡോളർ മുതൽമുടക്കിൽ 2006 ൽ ഒരു ആർട്ട് ഹൗസ് സിനിമ ആയിട്ടായിരുന്നു ആദ്യം ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്. സമീപകാല യൂറോപ്യൻ ചലച്ചിത്ര ചരിത്രത്തിൽ നിർമ്മാണത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയതും, വിചിത്രമായ നിർമ്മാണ രീതികൾ കൊണ്ട് ഐതീഹ്യ പരിവേഷം ലഭിച്ചതുമായ സിനിമയാണ് ‘ഡൗ’. 1938 മുതൽ 1968 വരെയുള്ള 30 വർഷത്തെ സോവിയറ്റ് ചരിത്രം ഉൾക്കൊള്ളുന്നതാണ് നിലവിൽ ഈ ഇൻറ്ററാക്റ്റിവ്/ആർട്ട് പ്രോജക്ട്. സിനിമക്കായി പ്രത്യേകമായി സൃഷ്ടിച്ച(Set) ശാസ്ത്ര സ്ഥാപനത്തിൽ (Institute) വർഷങ്ങളായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നൂറുകണക്കിന് ആളുകളുടെ(actors/performers) ഫൂട്ടേജുകളും ഇതിൽ ഉൾപ്പെടും.

2006 ൽ അന്താരാഷ്ട്ര റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ സിനിമാർട്ടിലാണ് ഖർജാനൊവ്സ്കിയും അദ്ദേഹത്തിന്റെ അന്നത്തെ നിർമ്മാണ പങ്കാളിയുമായ ആർടെം വാസ്സിലിവും ചേർന്ന് പുതുതായി രൂപം നൽകിയ ഫിനോമെൻ ഫിലിംസിന്റെ കീഴിൽ ‘ഡൗ’ പരമ്പരയുടെ ധനസമാഹരണത്തിനുള്ള ശ്രമം തുടങ്ങുന്നത്. എന്നാൽ വാസ്സിലിവ് പിന്നീട് പദ്ധതിയിൽ നിന്നും പിന്മാറി. ഖർജാനൊവ്സ്കിയുടെ ആദ്യ ചിത്രമായ ‘4’ ന്റെ തിരക്കഥാകൃത്തും റഷ്യൻ നോവലിസ്റ്റുമായ വ്ളാഡിമിർ സോറോക്കിൻ തന്നെയാണ് ‘ഡൗ’ വിന്റെയും തിരക്കഥ. നിർമ്മാണം ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ പദ്ധതിയുടെ വലുപ്പവും പരിധിയും വളർന്നു.

ഖർജാനൊവ്സ്കി സിനിമക്കായി 35 എം.എം ഫിലിമിൽ 700 മണിക്കൂർ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുകയും പദ്ധതിയെ ഒരു വിഷ്വൽ, ഇന്ററാക്ടീവ് കലാസൃഷ്ടിയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു. അസാധാരണമായ ഷൂട്ടിങ്ങിന്റെ മുഖ്യ പങ്ക് 2009-നും 2011-നും ഇടയിൽ ഉക്രെയ്നിലെ കർക്കോവിൽ വച്ചാണ് നടന്നത്. അവിടെ പൂർണ്ണ രീതിയിൽ പ്രവർത്തന ക്ഷമമായ ഒരു ഊർജ്ജതന്ത്ര(Physics) ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയും അവിടെ നൂറുകണക്കിന് സന്ദർശകർ/ അഭിനേതാക്കൾ അവരുടെ പൂർവ്വകാലജീവിതം ഉപേക്ഷിച്ച് 1950 കളിൽ ആയിരിക്കുന്നത് പോലെ ജീവിക്കുവാനും ജോലിചെയ്യുവാനും തുടങ്ങി. ശാസ്ത്രീയവും തത്ത്വപരവുമായ പരീക്ഷണങ്ങളിൽ പങ്കെടുത്ത അവരുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളും സിനിമയ്കുവേണ്ടി ചിത്രീകരിക്കപ്പെട്ടു. നിരവധി വർഷങ്ങൾ എടുത്ത് ലണ്ടനിൽ വച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നത്.

പ്രശസ്ത പെർഫോർമൻസ് ആർട്ടിസ്റ്റായ മരിന അബ്രമോവിക്, ഓപ്പറ ഡയറക്ടർ പീറ്റർ സെല്ലാർ, പെറുവിയൻ ഷാമൻ (shaman) ഗില്ലെറോ അരേവെലോ വാലറ തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖ ശാസ്ത്രജ്ഞരും കലാകാരന്മാരും സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്തു.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ(ഇൻസ്റ്റിറ്റ്യൂട്ട്) ജീവനുള്ള ചുറ്റുപാട് സൃഷ്ടിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ജനങ്ങൾക്ക് ജീവിക്കാൻ യോഗ്യമായ സ്ഥലമായിട്ടാണ് തുടക്കം മുതൽ തന്നെ ‘ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരുന്നത്. പ്രവർത്തനക്ഷമമായ ബാത്ത്റൂമുകളും അടുക്കളകളും വരെ ഈ സെറ്റിൽ ഉണ്ടായിരുന്നു.

ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ വിവാദങ്ങളും ‘ഡൗ’ സൃഷ്ടിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനേതാക്കളുടെ/ താമസക്കാരുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും ചിത്രീകരിച്ചിരുന്നു. ചിത്രീകരണം നടക്കാതിരുന്ന നീണ്ട കാലയളവും ‘ഡൗ’ വിന്റെ നിർമ്മാണ കാലയളവിലുണ്ടായിരുന്നു അപ്പോഴെല്ലാം അഭിനേതാക്കൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാഭാവിക ജീവിതം നയിച്ചു. ചിത്രത്തിന്റെ സംവിധായകൻ ഖർജാനൊവ്സ്കി അശ്ലീല ദൃശ്യങ്ങളും ചിത്രീകരണത്തിന്റെ ഭാഗമായി എടുത്തിരുന്നു എന്ന കിംവദന്തിയും പരന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് നിഷേധിച്ചിരുന്നു.

മൂന്നു വർഷത്തോളം പരിമിതമായ സ്ഥലത്ത് ഒരുമിച്ചു ജീവിക്കുമ്പോൾ ആളുകൾ സ്വാഭാവികമായും ലൈംഗികതയിൽ ഏർപ്പെടുമെന്നും. ഈ ലൈംഗികത ചിലപ്പോൾ ചിത്രീകരിച്ചിട്ടുമുണ്ടാവാം എന്നും. എന്നാൽ ഇത് പ്രഭാത ഭക്ഷണം കഴിക്കുന്ന വ്യക്തിയെയോ, കാറുകൾ വൃത്തിയാക്കുന്നവരെയോ, തെരുവിൽ വാഹനം ഓടിക്കുന്നവരും പാചകം ചെയ്യുന്നവരും മറ്റ് ജോലികൾ ചെയ്യുന്നവരും ആയ ആളുകളെയോ ചിത്രീകരിക്കുന്നതുപോലെ തന്നെയാണെന്നും, അവരുടെ പ്രവൃത്തികളുടെ മൂല്യങ്ങളെ യാതൊരു തരത്തിലും ശ്രേണിയുടെ അടിസ്ഥാനത്തിലല്ല കണ്ടിരുന്നതെന്നുമാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.

ചിത്രത്തിന്റെ പ്രദർശനത്തിനും ഏറെ പ്രത്യേകതകൾ ഉണ്ട്. പ്രദർശനം നടക്കുന്ന പാരിസിന്റെ ഹൃദയ ഭാഗത്തുള്ള രണ്ടു തിയേറ്ററുകളും സജീവ ഇടമായിട്ടാണ് അണിയറപ്രവർത്തകർ കാണുന്നത്. രണ്ട് തിയേറ്ററുകൾക്കും കൂടി ഏഴ് പ്രൊജക്ഷൻ സ്പേസുകൾ ആണ് ഉള്ളത്. രൂത് മക്കിൻസി ആണ് തിയറ്റർ ദ് ചിയേറ്റ്ലെറ്റ് ന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ. സന്ദർശകർ ടിക്കറ്റ് (വിസ എന്നാണ് ഇതിന് പറയുന്നത്) മുൻകൂട്ടി വാങ്ങണം. ആറു മണിക്കൂർ ടിക്കറ്റിന്റെ നിരക്ക് 35 യൂറോയും ഒരു ദിവസത്തേക്കുള്ളതിന് 75 യൂറോയുമാണ് നിരക്ക്. പരിധിയില്ലാത്ത ടിക്കറ്റിന് 150 യൂറോയാണ് വില. 50,000 സന്ദർശകർ പാരീസിലെ പ്രദർശനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. രണ്ട് തിയേറ്ററുകളിലായി 2,000 പേർക്ക് ഒരേ സമയത്തും പ്രദർശനം കാണാൻ സാധിക്കും.

പ്രദർശനത്തിന് വിസ എടുക്കുന്നതിന്റെ ഭാഗമായി പ്രേക്ഷകർ തങ്ങളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് പ്രതികരിക്കേണ്ടതായി വരും. ഇതിന്റെയും പ്രത്യേകമായി തയ്യാറാക്കിയ അൽഗോരിതത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ പ്രേക്ഷകനും ലഭിക്കുന്ന വിസയിൽ അവനവന്റെ സൈക്കോമെട്രിക് പ്രൊഫൈൽ (psychometric profile) ആലേഖനം ചെയ്യപ്പെട്ടിരിക്കും. പ്രദർശനത്തിനായി പ്രവേശന കവാടത്തിൽ എത്തുന്ന വ്യക്തിയുടെ സ്മാർട്ഫോൺ വാങ്ങിവെക്കുകയും വിസയുമായി ബന്ധിപ്പിച്ച ഒരു സ്മാർട്ഫോൺ പകരം നൽകുകയും ചെയ്യും. ഈ സ്മാർട്ട്ഫോണിൽ സന്ദർശകരെക്കുറിച്ചുള്ള വ്യക്തിഗത ഡാറ്റ അടങ്ങിയിട്ടുണ്ടാവും കൂടാതെ പ്രദർശനത്തിനുള്ള വഴികാട്ടിയായും നിരീക്ഷണ സംവിധാനമായും ഇത് പ്രവർത്തിക്കും.

നിരവധി അന്തർദ്ദേശീയ കലാകാരന്മാർ പരിപാടിയുടെ ഭാഗമാണ്. പെർമ് സ്റ്റേറ്റ് ഓപ്പറ & ബാലെ തിയേറ്ററിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയ തിയോഡോർ റന്റ്‌സിസ് തന്റെ ഓർക്കസ്ട്രയായ മ്യൂസിക് അറ്റെർനക്കൊപ്പം (MusicAeterna) ലൈവ് പെർഫോർമൻസ് നടത്തും. ബ്രിട്ടീഷ് സംഗീത സംഘമായ മാസ്സീവ് അറ്റാക്ക് അംഗം റോബർട്ട് ഡെൽ നജ പരിപാടിക്കായി ഒരു ഇന്ററാക്ടീവ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് സന്ദർശകരെ, വ്യക്തിഗത സൗണ്ട്ട്രാക്കുകൾ പരിപാടിക്കിടയിൽ കേൾപ്പിക്കും. ഇത് കൂടാതെ ബ്രയാൻ എനോ സന്ദർശകർക്കായി, “ബെസ്പോക്ക് അകൗസ്റ്റിക് ആർക്കിടെക്ചർ”(“bespoke acoustic architecture”) സൃഷ്ടിച്ചിട്ടുണ്ട്.

കത്തോലിക്ക്, ഓർത്തഡോക്സ് പുരോഹിതന്മാരും, യഹൂദ വിശ്വാസികളുടെ റബ്ബികളും പണ്ഡിതന്മാരും, ഇസ്ലാം മതപണ്ഡിതന്മാരും, ടിബറ്റൻ ബുദ്ധസന്ന്യാസികളും, സിഖ് സമുദായ നേതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും, തത്ത്വചിന്തകരും, ഷാമനിക് വക്താക്കളും, കലാകാരന്മാരും സാമൂഹിക പ്രവർത്തകരും പ്രതിഷ്ഠാപന കലയുടെ(live installation) ഭാഗമായിരിക്കും.

ജെറാർഡ് ഡിപാർഡിയു, ഇസബെല്ലെ ഹുപർറ്റ്, ഇസബെലെ അഞ്ജനി, വില്ലം ഡഫൂ, മോണിക്ക ബെല്ലൂസി, ഫാനി അർദാന്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ചലച്ചിത്ര അഭിനേതാക്കളാണ് ഈ റഷ്യൻ ഭാഷാ ചിത്രത്തിന്റെ ഫ്രഞ്ച് വോയിസ് ഓവറുകൾ നൽകിയിരിക്കുന്നത്.

പാരീസിനു ശേഷം ഏപ്രിലിൽ ലണ്ടനിലും തുടർന്ന് ബർലിനിലും ഈ സിനിമയുടെ പ്രദർശനം നടത്താനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. അതാതു സ്ഥലങ്ങൾക്കും അവിടുത്തെ ഭാഷയിലുള്ള വോയ്സ് ഓവറുകൾ ഉണ്ടായിരിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ ബെർലിനിലാണ് ‘ഡൗ’ നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർക്ക് ബെർലിൻ മതിലിന്റെ ഒരു വലിയ ഭാഗം പുനർസൃഷ്ടിക്കാൻ പദ്ധതിയുണ്ടെന്ന വാർത്ത പരന്നതിനെത്തുടർന്ന് ബെർലിൻ സിറ്റി അധികൃതർ പരിപാടിക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയിൽ ‘ഡൗ’വിന്റെ പ്രദർശനം ഉണ്ടാവുമോ എന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനം ആയിട്ടില്ല. എന്നിരുന്നാലും, ‘ഡൗ’വിന്റെ 700 മണിക്കൂർ ദൃശ്യങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്, ഇത് ‘ഡൗ’വിന്റെ തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിൽ എത്തും. ടെലിവിഷൻ സീരീസിനുള്ള ഭാഗങ്ങളും ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നും എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സൂസൻ മറിയൻ ആണ് ചിത്രത്തിന്റെ തുടക്കം മുതലുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മാർട്ടിൻ ഡി ആൻഗ്ലിജൻ-ചാറ്റില്ലൺ മറ്റൊരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. യൂറിഇമേജസ്, ആർട്ടി ഫ്രാൻസ്, ഡബ്ല്യു. ഡി. ആർ ആർട്ടെ , മെയ്ഡൻബോർഡ് ബെർലിൻ ബ്രാൻഡൻബർഗ്, മിറ്റൽഡ്യൂറ്റ്സ് മെഡിൻഫോർഡർങ്, ഉക്രേനിയൻ സ്റ്റേറ്റ് ഫിലിം ഏജൻസി, സ്വീഡിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഐ വാസ്റ്റ്, ഹുബർട്ട് ബാൽസ് ഫണ്ട്, ഫിനോമെൻ ട്രസ്റ്റ് തുടങ്ങിയ നിർമ്മാണ പങ്കാളികളാണ് ചിത്രത്തിനുള്ളത്. സാമ്പ്രദായിക വിതരണ രീതിയല്ല ചിത്രത്തിന്റേതെങ്കിലും ഫിലിപ്പ് ബോബേഴ്സിന്റെ ബെർളിൻ ആസ്ഥാനമായുള്ള കോ-പ്രൊഡക്ഷൻ ഓഫീസ് ആണ് ചിത്രത്തിന്റെ വില്‍പന കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *