#ദിനസരികൾ 639
സംവരണം സമം സാമ്പത്തികം എന്നൊരു ലളിതയുക്തി നിര്‍മ്മിച്ചെടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത് കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനിന്നു പോരുന്ന ജാതി സവര്‍ണതയാണ്. അവരുടെ കാഴ്ചപ്പാടില്‍ കേവലം സാമ്പത്തിക പിന്നാക്കാവസ്ഥയെ മറികടക്കാനുള്ള ഒരുപാധി മാത്രമാണ് സംവരണം.
അങ്ങനെ വരുമ്പോള്‍, സാമ്പത്തികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും സംവരണത്തിന് അര്‍ഹതയും അവകാശവുമുണ്ടെന്നും, അതുകൊണ്ടു തന്നെ ജാതീയമായി മുന്നാക്കത്തില്‍ നില്ക്കുന്നവരിലെ സാമ്പത്തിക പിന്നാക്കത്തിന് സംവരണമേര്‍പ്പെടുത്തുകയെന്നത് എല്ലാവര്‍ക്കും തുല്യനീതി വിതരണം ചെയ്യുക എന്ന ജനാധിപത്യബോധത്തിന്റെ അനുപേക്ഷണീയമായ ആവിഷ്കാരം മാത്രമാണെന്നും, അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അത്തരക്കാര്‍ വാദിക്കുന്നു.
ജനാധിപത്യമെന്നും തുല്യതയെന്നും സാമ്പത്തികപരാധീനത എന്നുമൊക്കെ ‘മനുഷ്യത്വമുള്ള’ പദങ്ങളെ വിളക്കിച്ചേര്‍ത്തുകൊണ്ട് സംവരണത്തിന്റെ അടിസ്ഥാന കാരണം സാമ്പത്തികമാണെന്ന് അവര്‍ സ്ഥാപിച്ചെടുക്കുമ്പോള്‍ നാം തലകുലുക്കി സമ്മതിച്ചു പോകുന്നുവെങ്കില്‍ കരുതുക, നമ്മുടെ ജനാധിപത്യബോധ്യങ്ങളില്‍ ആശാസ്യമല്ലാത്ത തരത്തിലുള്ള വിള്ളല്‍ വീണിരിക്കുന്നു, അറിഞ്ഞോ അറിയാതെയോ സവര്‍ണ്ണ ജാതീയതയുടെ സ്വാധീനം നമ്മില്‍ വേരുറപ്പിച്ചിരിക്കുന്നു.
സംവരണമെന്നത് സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമല്ലെന്നുള്ള വസ്തുത നേരെ മനസ്സിലാക്കുക എന്ന കാര്യമാണ് പ്രാഥമികമായി നമുക്കു ചെയ്യാനുള്ളത്. കേവലം ഒരു ജോലിയോ ജീവിതോപാധികളോ മാത്രം നേടിയെടുക്കുക എന്നതിനപ്പുറം ആയിരത്താണ്ടുകളായി ജാതിയുടെ പേരില്‍ അനുഭവിച്ചു പോരുന്ന ഉച്ചനീചത്വങ്ങളെ അതിജീവിക്കുവാനുള്ള ആധുനിക ജനസമൂഹത്തിന്റെ സത്യസന്ധമായ ശ്രമമാണ് സംവരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെക്കാനിസമെന്ന് രണ്ടാമതായി മനസ്സിലാക്കുക. അതോടെ എന്തുകൊണ്ട് സാമ്പത്തിക സംവരണം അനീതിയാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാകുന്നു.
ജാതി മാറി കൃസ്ത്യാനിയാകുന്ന പുലയന്‍, ‘പുലയകൃസ്ത്യാനി’യായി തുടരേണ്ടിവരുന്നതും ഐ എ എസുകാരനായ പുലയന്‍ ‘പൊലയന്‍ കളക്ടർ” ആകുന്നതും ജാതി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്നു നാം മനസ്സിലാക്കണം. ആദ്യത്തെ ഉദാഹരണത്തില്‍ ഇന്ത്യയില്‍ മറ്റൊരു വിശ്വാസസംഹിതയെ മുറുകെപ്പിടിച്ച നിലനില്ക്കുന്ന മതത്തില്‍പ്പോലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അത്രയധികം സ്വാധീനം ചെലുത്തുമെങ്കില്‍ നമ്മുടെ പൊതുമനസ്സില്‍ ഉറച്ചുപോയ ജാതിയുടെ നീരാളിപ്പിടുത്തം എത്രമാത്രം ആഴത്തിലുള്ളതാണെന്നു തിരിച്ചറിയണം. ഇന്ത്യന്‍ മനസ്സിനെ ഹിന്ദുമനസ്സായി സങ്കല്പിക്കുന്നുണ്ട് സുധീര്‍ കക്കറെന്നു കൂടി ഓര്‍മ്മിക്കുക. അത്തരത്തില്‍ വ്യാപിച്ചിരിക്കുന്ന ജാതീയതയെ ഒട്ടെങ്കിലും അതിജീവിക്കാന്‍ മനുഷ്യപക്ഷത്തു നിന്നും ശ്രമിക്കുന്നതിനെയാണ് വിശാലമായ അര്‍ത്ഥത്തില്‍ സംവരണമെന്ന് വിളിക്കുന്നത്.
അതുകൊണ്ട്, ജാതി നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്ന യാഥാര്‍ത്ഥ്യമാകുന്നുവെന്നു മാത്രവുമല്ല, സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘപരിവാരം ഇന്ത്യയില്‍ അധികാരത്തില്‍ വന്നതോടെ കൂടുതല്‍ പ്രാധാന്യത്തോടെ ജാതീയമായ വേര്‍തിരിക്കലുകള്‍ നമ്മുടെ സമൂഹത്തില്‍ നടന്നു വരുന്നുമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നമ്മുടെ ജാതിയെക്കുറിച്ചും മതങ്ങളെക്കുറിച്ചുമൊക്കെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരു കാലഘട്ടം വേറെയില്ല.
നീ ബ്രാഹ്മണനാണ് എന്നും നീ ചണ്ഡാളനാണ് എന്നും ജനതയെ വിഭജിച്ചുകൊണ്ടേയിരിക്കുന്ന വിധ്വംസാത്മകമായ ഒരന്തരീക്ഷത്തില്‍ നില്ക്കുമ്പോള്‍ സാമ്പത്തിക സംവരണം എന്ന മുദ്രാവാക്യം ഉന്നയിക്കപ്പെടുന്നത് അശ്ലീലവും അനീതിയുമാകുന്നു. വസ്തുതകളെ ഒളിപ്പിച്ചുവെച്ചുകൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ വീണ്ടും വീണ്ടും ചൂഷണം ചെയ്യാനുള്ള നിഗൂഢമായ പരിശ്രമങ്ങളാണ് സാമ്പത്തിക സംവരണത്തിനു പിന്നിലെ താല്പര്യമെന്ന് നാം തിരിച്ചറിയാനും പ്രതിരോധിക്കാനും വൈകിക്കൂടാ. അതുകൊണ്ട് സാമ്പത്തിക സംവരണത്തെ പിന്താങ്ങിയിട്ടുള്ളവര്‍ സംവരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്.
വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി