ന്യൂഡൽഹി:
ലാവ്‌ലിൻ കേസിൽ, സുപ്രീം കോടതി, വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി വെച്ചു.. അയോദ്ധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേൾക്കുന്നതിനാലാണിത്. ജസ്റ്റിസുമാരായ എൻ. വി രമണ, ശാന്തനഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുൻപാകെ ഇന്നത്തേക്ക് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ അധ്യക്ഷതയിൽ അയോദ്ധ്യ കേസ് കേൾക്കുന്ന ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് എൻ. വി രമണ അംഗമാണ്. ഇന്ന് മുഴുവൻ സമയവും ഭരണഘടന ബെഞ്ച് അയോദ്ധ്യ കേസിൽ ഇരുന്നാൽ ജസ്റ്റിസ് മാരായ എൻ.വി. രമണ, ശാന്തന ഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ച് ലാവ്‌ലിൻ കേസിൽ വാദം കേൾക്കാൻ സാധ്യതയില്ല.
അതേസമയം ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതിയും കെ. എസ്. ഇ. ബി മുൻ ചെയർമാനുമായ ആർ. ശിവദാസൻ അപേക്ഷ നൽകി. സി. ബി. ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ എത്ര സമയം വേണമെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ നവംബർ 2 ന് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസത്തേയ്ക്ക് മാറ്റിയിരുന്നു. അന്തിമവാദം എപ്പോൾ തുടങ്ങാം എന്ന് ജനുവരി രണ്ടാം വാരം ഉത്തരവിറക്കാം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എസ് എൻ സി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി. ബി. ഐ നൽകിയ അപ്പീലിൽ ആണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നും ലാവ്‌ലിൻ കരാറിൽ മാറ്റമുണ്ടായത് അദ്ദേഹത്തിന്റെ അറിവോടെയാണെന്നുമാണ് സി. ബി. ഐ നിലപാട്.
1996 ൽ കൺസൾട്ടൻസി കരാർ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇത് വിതരണ സ്വഭാവത്തിലുള്ള കരാറായി മാറി. 97 ൽ ഇ. കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ എസ്. എൻ. സി ലാവ്‌ലിൻ കമ്പനിയുടെ അതിഥിയായി കാനഡയിൽ പോയതിന് പിന്നാലെയാണ് ഈ മാറ്റം ഉണ്ടായതെന്നും സത്യവാങ്മൂലത്തിൽ സി. ബി. ഐ ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെയാണ് കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്. അതേസമയം വൈദ്യുതി ബോര്‍ഡ് മുൻ ചീഫ് എൻജിനിയർ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുൻ ചെയര്‍മാൻ ആര്‍. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്. എന്‍. സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.