Sun. Dec 22nd, 2024

രാജ്യത്തെ ഡിജിറ്റൽ പേയ്മെൻറുകളുടെ സുരക്ഷയും ഭദ്രതയും ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ചൊവ്വാഴ്ച ഉന്നതതല സമിതിക്ക് രൂപം നൽകി.
ഇൻഫോസിസ് സഹ-സ്ഥാപകനും ആധാർ കാർഡ് പ്രൊജക്ടിന്റെ ശില്പികളിലൊരാളുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നതതല സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

ബാങ്കിങ് മേഖലയിലെ ഡിജിറ്റൽവത്ക്കരണം പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽവത്ക്കരണത്തിലൂടെ സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് സമിതിക്ക് രൂപം നൽകിയതെന്ന് ആർ. ബി. ഐ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തെ ഇടപാടുകളുടെ ഡിജിറ്റല്‍വത്ക്കരണത്തിന്റെ നിലവിലെ സാഹചര്യം സമിതി പരിശോധിച്ച്‌, ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും, ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള കർമ്മ പദ്ധതികളും മുന്നോട്ട് വയ്ക്കും. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ ഉപഭോക്താവിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും സമിതി തയ്യാറാക്കുമെന്നും ആർ. ബി. ഐ വ്യക്തമാക്കി. സമിതി ആദ്യ യോഗം ചേര്‍ന്ന് 90 ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കും.

മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ എച്ച്. ആര്‍ ഖാന്‍, മുന്‍ വിജയ ബാങ്ക് എം ഡി യും, സി. ഇ. ഒ യും ആയിരുന്ന കിഷോര്‍ സന്‍സി, ഐ. ടി, സ്റ്റീൽ മന്ത്രാലയങ്ങളിലെ മുന്‍ സെക്രട്ടറി അരുണ്‍ ശര്‍മ, അഹമ്മദാബാദ് ഐ. ഐ. എം ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ സഞ്ജയ് ജെയ്ന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *