Mon. Dec 23rd, 2024

കോഴിക്കോട്:

ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യാവനം ഹയര്‍സെക്കൻഡറി സ്‌കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയിലെത്തിയത്. പമ്പ വരെ എത്തിയെങ്കിലും സംഘപരിവാര്‍ ഗുണ്ടകളുടെ പ്രതിഷേധവും ഭീഷണിയും കാരണം അവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കാതെ തിരിച്ച് പോരേണ്ടി വന്നു.

ശബരിമലയിൽ നിന്ന് തിരിച്ചു വന്നതിനു ശേഷം സംഘപരിവാർ ഗുണ്ടകളുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള അക്രമങ്ങളും ഭീഷണികളും നേരിട്ടിരുന്നു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ബിന്ദുവിനെ തൊഴിൽ ചെയ്യുന്നതിൽ നിന്നും തടയുകയും പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് സമരം നടത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ച എന്ന നിലക്കാണ് ബിന്ദുവിന്‍റെ മകള്‍ക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പ്രവേശനം നല്‍കാമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.

നിലവില്‍ പഠിക്കുന്ന അഗളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മോശമായ അനുഭവങ്ങളുണ്ടായതിനാലാണ് മകള്‍ക്കു വേണ്ടി മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളന്വേഷിച്ച് തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടിക്കടുത്തുള്ള വിദ്യാവനം സ്‌കൂളില്‍ അഡ്മിഷനുവേണ്ടി എത്തിയത്. എന്നാല്‍ ബിന്ദുവിനും മകള്‍ക്കും പ്രതിഷേധക്കാരുടെ ബഹളം കാരണം തിരികെപ്പോരേണ്ടി വരികയായിരുന്നു. അറുപതോളം ആളുകള്‍ അടങ്ങുന്ന സംഘമാണ് സ്‌കൂളിന്റെ ഗേറ്റു കടന്നെത്തി പ്രിന്‍സിപ്പാളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയത്. മാധ്യമങ്ങളും വിളിച്ച് കാര്യമന്വേഷിച്ചു തുടങ്ങിയതോടെ അഡ്മിഷന്‍ നല്‍കാനാവില്ലെന്ന തീരുമാനം അധികൃതര്‍ അറിയിക്കുകയായിരുന്നെന്ന് ബിന്ദു പറയുന്നു.

താനൊരു ആക്ടിവിസ്റ്റല്ല, എഡ്യൂക്കേഷനിസ്റ്റാണെന്നും ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്‌കൂളിലെ പ്രധാനാധ്യാപിക തന്നോടു പറഞ്ഞതെന്ന് ബിന്ദു പറയുന്നത്. പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതറിഞ്ഞ് തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ‘അഗളിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്ലാഞ്ഞിട്ടാണോ ഇങ്ങോട്ടു വന്നത്’ എന്നും മറ്റും ചോദിച്ച് മോശമായാണ് അവരും പെരുമാറിയതെന്ന് ബിന്ദു പറഞ്ഞു. ശബരിമലയ്ക്കു പോയ കാര്യം പറയാഞ്ഞതെന്താണ് എന്നതടക്കമുള്ള ചോദ്യങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും ബിന്ദുവിന് നേരിടേണ്ടി വന്നു. തന്റെ മകള്‍ക്ക് വിദ്യാവനം സ്‌കൂളില്‍ അഡ്മിഷന്‍ ശരിയായ കാര്യവും തിങ്കളാഴ്ച പോകുന്ന കാര്യവും അഗളി സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണോ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറിയിച്ചത് എന്ന സംശയവും ബിന്ദുവിനുണ്ട്. സംഗീതജ്ഞന്‍ ടി. എം. കൃഷ്ണയുടെ അമ്മ നടത്തുന്ന സ്‌കൂളാണ് വിദ്യാവനം.

ശബരിമലയില്‍ പ്രവേശിക്കാനാകാതെ തിരിച്ചിറങ്ങിയ അന്നു മുതല്‍ വലിയ രീതിയിലുള്ള അക്രമങ്ങളാണ് ബിന്ദുവിനു നേരിടേണ്ടി വന്നത്. കോഴിക്കോട്ട് ബിന്ദു പഠിപ്പിച്ചിരുന്ന സ്‌കൂളിലും താമസിച്ചിരുന്ന പ്രദേശത്തും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമങ്ങളുണ്ടായി. തുടര്‍ന്ന് അഗളി സ്‌കൂളിലെത്തിയ ശേഷവും വിദ്യാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടുള്ള നാമജപ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

തൊഴിലിടങ്ങളിലും താമസസ്ഥലത്തും വേട്ടയാടപ്പെട്ടപ്പോഴും പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടുപോകുകയായിരുന്നു ബിന്ദു. അതിനിടെയാണ് മകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ 21എ അനുച്ഛേദപ്രകാരം ഏഴ് മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഭരണഘടനാപരമായ മൗലികാവകാശമാണ്. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് രാഷ്ട്രത്തിന്റെ കടമയുമാണ്. ഇത്തരത്തില്‍ നിയമം നിലനില്‍ക്കെയാണ് ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് സ്കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *