Mon. Dec 23rd, 2024

തിരുവനന്തപുരം:

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനായി ഒരു കോടി 50 ലക്ഷത്തിലധികം രൂപ കളക്ടറുടെ ട്രഷറി അക്കൗണ്ടില്‍ നിന്ന് വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്‍ യോഗത്തിലാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകളാണ് എഴുതിത്തള്ളുന്നത്.

കടം എഴുതിത്തള്ളുന്നതോടെ ദുരിതബാധിതര്‍ക്ക് ബന്ധപ്പെട്ട ബാങ്കുകള്‍ ബാധ്യതാ രഹിത സാക്ഷ്യപത്രം അനുവദിക്കും. ഇതിന് ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. 2017ലെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍ നിന്നും പുനഃപരിശോധനയ്ക്ക് വിധേയമാക്കിയ 1618 പേരില്‍ 76 പേരെക്കൂടി ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നേരത്തെ 287 പേരെ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച്‌ കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

എൻഡോസൾഫാൻ പുനരധിവാസത്തിന്റെ ഭാഗമായി 1134 ദുരിതബാധിതരെക്കൂടി റേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ 6211 ദുരിതബാധിതർക്കാണ് ഇത്തരത്തില്‍ വിവിധതരം സഹായങ്ങൾ ലഭിക്കുന്നത്. നിലവിലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എൻഡോസൾഫാൻ ദുരിതബാധിതർ എന്നത് പ്രത്യേക പരിഗണനാ വിഷയമല്ലാത്തതിനാൽ എല്ലാ കുടുംബങ്ങളെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. മുൻഗണനാ പട്ടികയിൽ അനർഹരായവരെ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഇതുവരെ 1,84,29,03,416 രൂപ ചെലവഴിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള അർഹമായ കടബാധ്യതകൾ എഴുതിത്തള്ളുന്നതിനായി 1,54,44,331 രൂപ ബന്ധപ്പെട്ട ബാങ്കുകൾക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാത്ത എന്നാൽ മാരകരോഗങ്ങൾ ഉള്ളതെന്ന് കണ്ടെത്തിയ 505 പേർക്ക് ചികിത്സാ ആനുകൂല്യങ്ങൾ അനുവദിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബർ 14-ന് നടത്തിയ എൻഡോസൾഫാൻ ജില്ലാതല സെൽ യോഗ തീരുമാനങ്ങളിലെ തുടർനടപടികൾ കളക്ടർ ഡോ. ഡി. സജിത്ത് ബാബു വിശദീകരിച്ചു.

എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീർ, സബ് കളക്ടർ അരുൺ കെ. വിജയൻ, ജില്ലാതല സെൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലെ ബാരലുകളിൽ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട എൻഡോസൾഫാൻ നശിപ്പിക്കുന്നതിന് വിദഗ്ദ്ധരുടെ സാങ്കേതികസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ബഡ്‌സ് സ്കൂളുകളുടെ നിർമാണം 90 ശതമാനത്തിലേറെ പൂർത്തിയായി. പൂർത്തിയായ കെട്ടിടം വൈദ്യുതീകരണം ഉൾപ്പെടെയുള്ളവ അടിയന്തരമായി തീർത്ത് ഒരു മാസത്തിനുള്ളിൽ സ്കൂൾ പ്രവർത്തനം തുടങ്ങും.

മുളിയാറിൽ സമഗ്ര പുനരധിവാസ ഗ്രാമം നിർമിക്കുന്നതിന് തയ്യാറാക്കിയ രൂപരേഖ യോഗത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ അവതരിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.

എൻഡോസൾഫാൻ കീടനാശിനി ഇരുൾ വീഴ്ത്തിയ ദുരിതബാധിത കുട്ടികൾക്കു പുതുജീവിതം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പെരിയ മഹാത്മ മാതൃകാ ബഡ്സ് സ്കൂളിന്റെ പരാധീനതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായർ പറഞ്ഞു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്ത് നബാർഡ് –ആർ ഐ ഡി എഫ് പാക്കേജിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായിട്ടും ജില്ലയിലെ മറ്റു പഞ്ചായത്തുകളിൽ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ കെട്ടിടം ഇനിയും തുറന്നു കൊടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *