തൃശൂര്‍:
പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. എ ഐ വൈ എഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ സമ്മേളനം കഴിഞ്ഞു മടങ്ങവേ ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച് വാഹനത്തിന്റെ ചില്ലുപൊട്ടി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ചിറയിൻകീഴിൽനിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ട്രാവലറിന്റെ ചില്ലാണ് പൊട്ടിയത്. ചില്ല് പൊട്ടിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോള്‍പ്ലാസ അധികൃതര്‍ നിരാകരിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 300ഓളം പ്രവര്‍ത്തകര്‍ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവിടെ തുടരുകയായിരുന്നു. രോഷാകുലരായ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പിരിവും നിര്‍ത്തിവയ്പ്പിച്ചു. പുതുക്കാട് പൊലീസ് എത്തി മധ്യസ്ഥ ശ്രമങ്ങൾ നടത്തി. പ്രശ്നം പരിഹരിക്കാൻ സി പി ഐ പ്രാദേശിക നേതാക്കളും എത്തി.
നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നു അധികൃതരെ പൊലീസ് ബോധ്യപ്പെടുത്തി. ചില്ല് പൊട്ടിയതിന്റെ നഷ്ടപരിഹാരമായി പതിനായിരം രൂപ നൽകാൻ ടോൾ കമ്പനി തയ്യാറായതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ആയത്. നഷ്ടപരിഹാരം വാങ്ങിയ ശേഷം പ്രവർത്തകർ പിരിഞ്ഞു പോയതോടെ ടോൾ പിരിവ് പുനരാരംഭിച്ചു.
സി പി ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.ജി.മോഹനൻ, പി.കെ.ശേഖരൻ, എ ഐ വൈ എഫ് നേതാക്കൾ എന്നിവർ ചേർന്നാണ് ചർച്ച നടത്തിയത്. നേരത്തെ ജനകീയ കളക്ടറെന്ന പൊതുസമ്മതിയുള്ള തൃശൂർ കളക്ടർ അനുപമ ഐ.എ.എസിന്റെ പാലിയേക്കരയിലെ ഇടപെടൽ ചർച്ച ആയിരുന്നു. ടോൾ പ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങിയ ജില്ലാ കളക്ടർ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ടോൾ പ്ലാസയ്ക്ക് ഇരുവശത്തുമായി ഒന്നരക്കിലോമീറ്ററോളം നീണ്ട വാഹനനിരയുണ്ടായിട്ടും വാഹനങ്ങൾ കടത്തിവിടാത്തതിന് ടോൾപ്ലാസ ജീവനക്കാരെയും പോലീസിനെയും രൂക്ഷമായി ശാസിച്ച കളക്ടർ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ദേശീയപാതയിലെ വാഹനത്തിരക്കിൽപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്. ടോള്‍ ചോദിച്ചതിന് പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ്ജ് എം. എല്‍. എയുടെ പ്രതിഷേധവും ഏതാണ്ട് സമാനമായ രീതിയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ടോള്‍ പ്ലാസയില്‍ എത്തിയ എം. എല്‍. എയെ തടഞ്ഞതോടെ പ്രകോപിതനായ പി.സി. ജോര്‍ജ്ജ് സ്റ്റോപ്പ് ബാരിയര്‍ തല്ലിത്തകര്‍ത്തിരുന്നു. ഇത്തരത്തില്‍ നിരവധി തര്‍ക്കങ്ങള്‍ ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്.
മണ്ണുത്തി-ഇടപ്പള്ളി പാതയിലെ പാലിയേക്കര ടോള്‍ പ്ലാസക്കെതിരെ ആദ്യ ഘട്ടം മുതല്‍ തന്നെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ടോള്‍ പിരിവിന്റെ കാലാവധി ഇനിയും പത്ത് വര്‍ഷം ബാക്കി നില്‍ക്കെ കമ്പനിക്ക് ഇതിനോടകം മുടക്കുമുതലിന്റെ ഭൂരിഭാഗവും തിരിച്ചു കിട്ടി എന്ന റിപ്പോര്‍ട്ടുകളും അടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. ആറു വര്‍ഷം കൊണ്ട് ടോള്‍ കമ്പനി പിരിച്ചത് 596.5 കോടി രൂപയാണ്. ദേശീയ പാതയുടെ നിര്‍മ്മാണച്ചെലവ് 721.17 കോടി രൂപയും.
ആറു വര്‍ഷം കൊണ്ട് 82 ശതമാനമാണ് പിരിച്ചെടുത്തത്. 2028 ജൂണ്‍ 21 നാണ് ടോള്‍ പിരിവ് അവസാനിക്കുന്നത്. 124 കോടി മാത്രമാണ് ഇനി മുടക്കുമുതലിലേക്ക് പിരിച്ചെടുക്കാനുള്ളത്. അങ്ങനെ വരുമ്പോള്‍ അടുത്ത പത്തു വര്‍ഷംകൊണ്ട് വന്‍ ലാഭമായിരിക്കും കമ്പനി ഉണ്ടാക്കാന്‍ പോകുന്നത്. ഇത്തരം കണക്കുകള്‍ എല്ലാം തന്നെ ടോള്‍ കമ്പനിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.