തിരുവനന്തപുരം:
ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും, തുടര്‍ന്ന് ജീവന്‍ വരെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ നിരവധി രോഗികള്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നും രോഗികള്‍ ചൂണ്ടിക്കാട്ടി. ഡയാലിസിസ് നടത്താനായി സാധിച്ചില്ലെങ്കില്‍ ഭൂരിഭാഗം രോഗികളെയും തൊട്ടടുത്തദിവസം ത്രീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരും. അടുത്തദിവസം നടക്കുന്ന നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പണിമുടക്ക് രോഗികളെ വലയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ഡയാലിസിസ് രോഗികള്‍ക്കും ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന് നേരത്തെ കേരളത്തിലെ വ്യാപാരി സമൂഹം അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ശബരിമല വിഷയത്തില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വ്യാപാരികള്‍ നേരിട്ടത്. ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റത്തിന് പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ നല്ല പിന്തുണയാണ് ലഭിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ പറഞ്ഞിരുന്നു. 2019 ഹര്‍ത്താല്‍ രഹിത വര്‍ഷമായി ആചരിക്കുന്നുവെന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു.
എറണാകുളം ജില്ലയിൽ മാത്രം പാർട്ടി ഭേദമെന്യേ 49 സംഘടനകളാണ് ഹര്‍ത്താലിനെതിരെ അണി നിരന്നത്. കഴിഞ്ഞ വർഷം 97 ഹർത്താലുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള ചേംബർ ഓഫ് കൊമേഴ്സ്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ, ടെക്സ്റ്റൈൽ ആന്റ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുതലായ 49 സംഘടനകൾ ചേർന്ന് എറണാകുളത്ത് ആന്റി ഹർത്താൽ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായി.
കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ 110 കോടിയുടെ നഷ്ടം വ്യാപാര മേഖലയ്ക്കുണ്ടായതായിട്ടാണ് കണക്കുകള്‍. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണങ്ങളില്‍ മാത്രം പത്തു കോടിയുടെ സാമ്പത്തിക നഷ്ടം ഉണ്ടായി. നഷ്ടപരിഹാരം കെട്ടിവെച്ച ശേഷമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന കോടതി നിര്‍ദേശം പാലിക്കണമെന്ന് സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു. ജനാധിപത്യ രാജ്യത്ത് ജനാധിപത്യ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ആലോചിക്കുന്നതായി വ്യാപാരി സമൂഹം അറിയിച്ചിരുന്നു. നിരന്തരമായുള്ള ഹര്‍ത്താലുകള്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിച്ചതോടെയാണ് വ്യാപാരികള്‍ 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലക്കാണ് ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി വൃക്ക രോഗികള്‍ രംഗത്ത് വന്നിരിക്കുന്നത്.