ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം കരതൊടും.
ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ‘ഫെന്‍ഗല്‍’ ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകും. ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്ര ന്യൂനമര്‍ദ്ദമായാണ് കരയില്‍ കടക്കുകയെന്നും വ്യാഴാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായത്. ഇത് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും.
കടലൂര്‍ മുതല്‍ ചെന്നൈ വരെയുള്ള തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടക്കരയില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയണം. കാറ്റില്‍ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്.
മിന്നലോടുകൂടിയാണ് കനത്ത മഴ പെയ്യുക. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടില്‍ ശേഖരിച്ചു വെക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നതിനാല്‍ കടലോരങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റവന്യൂവകുപ്പ് അറിയിച്ചു.