Sat. Jan 4th, 2025

 

ചെന്നൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിച്ച് നയന്‍താരയുടെ അഭിഭാഷകന്‍. ഈ കേസില്‍ പകര്‍പ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ ധനുഷിന് മറുപടി നല്‍കി.

ദൃശ്യങ്ങള്‍ സിനിമയുടെ മേക്കിങ് വീഡിയോയില്‍ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യ ലൈബ്രറിയില്‍ നിന്നുള്ളതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

നാനും റൗഡി താന്‍ സിനിമയുടെ നിര്‍മാതാവ് എന്നനിലയിലായിരുന്നു ധനുഷിന്റെ ഹര്‍ജി. വിഘ്നേശ് ശിവന്‍ സംവിധാനം നിര്‍വഹിച്ച നാനും റൗഡി താന്‍ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍മാതാവായ ധനുഷില്‍നിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.

തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചുഭാഗവും ചിത്രീകരണ വീഡിയോയും ഉപയോഗിച്ചു. തുടര്‍ന്ന് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നല്‍കി.

മൂന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ട കത്തില്‍ നയന്‍താര ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ടീസ് വകവെക്കാതെ ഡോക്യുമെന്ററിയില്‍ വീഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.