Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ പുരാവസ്തു സര്‍വേ സുപ്രീംകോടതി തടഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംഭാല്‍ ജുമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരായാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍വേ അനുമതിക്ക് പിന്നാലെയാണ് യുപിയിലെ സംഭാലില്‍ വെടിവെപ്പ് ഉണ്ടാവുകയും അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.

സര്‍വേ സ്റ്റേ ചെയ്യണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ഷാഹി ജുമാ മസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭാല്‍ ജില്ലാ-സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ എട്ടുപേരാണ് പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭാല്‍ കോടതി എഎസ്ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.