ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബിവി നാഗരത്ന, എന്‍കെ സിംങ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ് ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
2008ലാണ് വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വനിതയുടെ പരാതി. ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകല്‍ പരാതി നല്‍കിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നല്‍കിയത്.