Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്.

സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പം കേരളീയ വേഷത്തിലാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കുളും സത്യപ്രതിജ്ഞ കാണാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്‌സഭാ അംഗമാണ്.

വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറിയിരുന്നു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും.