Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. സംഭാലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചാണ് എംപിമാരെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞത്.

ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പിവി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍, കെ നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഉത്തര്‍ പ്രദേശിലേക്ക് പോകും മുമ്പ് ഇടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ യാത്രാവിവരം പോസ്റ്റ് ചെയ്തിരുന്നു.

‘മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാര്‍ അടങ്ങുന്ന സംഘം ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ്. ഷാഹി മസ്ജിദ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് യാത്ര.

യോഗി പൊലീസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’, എന്നായിരുന്നു പോസ്റ്റ്.

സംഘര്‍ഷ മേഖലയാണെന്നും അവിടേക്ക് പോകാന്‍ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. എന്നാല്‍, യാത്ര തുടരുകയാണെങ്കില്‍ തടങ്കലിലിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി എംപിമാര്‍ അറിയിച്ചു. തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി.

സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സര്‍വേക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്തേയ്ക്ക് പുറത്തുനിന്നുള്ളവര്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാനത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്ന് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവനുസരിച്ചാണ് മസ്ജിദില്‍ സര്‍വേ നടത്താനെത്തിയത്.