Sun. Dec 29th, 2024

 

സണ്ണി വെയ്ന്‍, ലുക്ക്മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാന്‍ സംവിധാനം ചെയ്ത ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി നിര്‍മാതാക്കളായ ബിഗ് പിക്‌ചേഴ്‌സ്. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സിനിമ പിന്‍വലിക്കാനുള്ള തീരുമാനം.

സിനിമ കാണാനെത്തുന്ന പ്രേക്ഷരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് സിനിമ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണെന്നും എന്നാല്‍ സിനിമയില്‍ ഒരു മതത്തെയും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും നിര്‍മ്മാതാക്കളായ ബിഗ് പിക്‌ചേഴ്‌സ് അറിയിച്ചു.

മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട് ഇടപെടലുമാണ് സിനിമയുടെ ഇതിവൃത്തം. തെറ്റിദ്ധാരണ മാറ്റി സിനിമ വീണ്ടും പ്രേക്ഷരിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരാണ് മറ്റ് താരങ്ങളാണ്.