Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗ്രിയിലെ സര്‍വോദയ ബാല വിദ്യാലയത്തില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെ വംശീയാതിക്രമം നടക്കുന്നതായി പരാതി. ഡല്‍ഹിയിലെ അഭിഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അശോക് അഗര്‍വാള്‍ ഇതുസംബന്ധിച്ച് നവംബര്‍ 13ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

മുസ്‌ലിം, ദലിയ് വിദ്യാര്‍ഥികളെ ബാത്‌റൂമിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങളുരിഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചതായും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും പരാതിയിലുണ്ട്. ഇങ്ങനെ മര്‍ദ്ദനം നേരിട്ട വിദ്യാര്‍ഥികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. ദ വയര്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്‌കൂളിലെ അധ്യാപകരായ ആദര്‍ശ് വര്‍മ, വികാസ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു നേരെ അതിക്രമം നടത്തുന്നതും നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതുമെന്നും അഗര്‍വാള്‍ പറഞ്ഞു.

നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി വന്നതോടെയാണ് അഗര്‍വാള്‍ മുഖ്യമന്ത്രിക്കും ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിക്കും ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയത്. ജീവന് തന്നെ അപകടമുള്ളതിനാല്‍ പരാതി പറഞ്ഞിരിക്കുന്ന വിദ്യാര്‍ഥികളാരും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല.

പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന ആദര്‍ശ് ശര്‍മയും പിടി അധ്യാപകനായ വികാസ് കുമാറും സ്‌കൂള്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് കുട്ടികളുടെ വസ്ത്രമുരിയുന്നു. നഗ്‌ന വിഡിയോ എടുക്കുമെന്നും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് അതിക്രമങ്ങള്‍ പുറത്തുപറയാന്‍ കുട്ടികള്‍ ഭയന്നത്.

പത്താംക്ലാസിലെയും പ്ലസ്ടുവിലെയും മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വിദ്യാര്‍ഥികളെ എപ്പോഴും ക്ലാസിലെ പിന്‍സീറ്റിലാണ് ഇരുത്താറുള്ളത്. മുന്‍നിരജാതിക്കാരായ വിദ്യാര്‍ഥികളാണ് മുന്‍സീറ്റില്‍ ഇരിപ്പിടം ലഭിക്കാറുള്ളത്. വിവേചനം കാണിക്കുന്ന അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.

മാത്രമല്ല, ഡല്‍ഹിയിലെ ഒരുന്നതനും തന്നെ തടയാനാകില്ലെന്നും ശര്‍മ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പരാതി കൊടുത്തിട്ടും കാര്യമുണ്ടാകില്ലെന്നും പറഞ്ഞു. വിദ്യാര്‍ഥികളെ തോല്‍പിക്കുമെന്നും ശര്‍മ ഭീഷണിപ്പെടുത്തി.

ദലിത്, മുസ്‌ലിം വിദ്യാര്‍ഥികളെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നതും അധ്യാപകരുടെ പതിവാണ്. ദലിത് വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ തൊഴിലാളികളുടെ മക്കളാണെന്നും ഉന്നതജാതിക്കാരെ സേവിക്കുകയാണ് അവരുടെ ജോലിയെന്നും പറയുകയുണ്ടായി.

എന്തുകൊണ്ടാണ് മുല്ലമാര്‍ നമ്മുടെ രാജ്യം വിട്ട് പോകാത്തത് എന്നാണ് മുസ്‌ലിം വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് പറയാറുള്ളത്. പഠിപ്പിക്കുന്നതിനിടെ നിരക്ഷരരും താഴ്ന്ന ജാതിക്കാരും മൃഗങ്ങളും സ്ത്രീകളും മര്‍ദിക്കപ്പെടേണ്ടവരാണെന്ന തുളസീദാസിന്റെ കുപ്രസിദ്ധമായ വാചകങ്ങളും ആദര്‍ശ് ഇടക്കിടെ ഉപയോഗിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഈ അധ്യാപകര്‍ പഠിപ്പിക്കാനായി പലപ്പോഴും ക്ലാസുകളില്‍ വരാറില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയിലുണ്ട്. കത്തിനെ കുറിച്ച് ഉന്നത തലത്തിലുള്ള വിശദമായ അന്വേഷണം വേണമെന്നാണ് അഗര്‍വാള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. സ്‌കൂളിലെ 2500 വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.