Sat. Dec 14th, 2024

 

മുംബൈ: ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനം ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം കല്യാണില്‍ നിന്നുള്ള എംപിയായ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിന്‍ഡെ ചോദിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി നേതൃത്വവും എന്‍സിപിയും ആര്‍എസ്എസും ഈ നിര്‍ദേശത്തെ പിന്തുണക്കാനാണ് സാധ്യത. നേരത്തെ ഷിന്‍ഡേയ്ക്ക് കേന്ദ്രമന്ത്രി പദം അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം എന്നാണ് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിന് ഷിന്‍ഡെ വഴങ്ങിയില്ല. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വന്‍ വിജയത്തിന് പിന്നില്‍ താന്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു.

വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞയുണ്ടായേക്കും. എന്‍സിപി എംഎല്‍എമാരുടെ യോഗം അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തില്‍ ഒന്നുപോലും ലഭിക്കാത്തതിനാല്‍ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും വരുന്നത്.

നേതൃസ്ഥാനം അവകാശപ്പെടാന്‍ 29 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗത്തിന് 20 സീറ്റ് മാത്രമാണുള്ളത്.

288 അംഗ നിയമസഭയില്‍ മഹായുതി സഖ്യം 236 സീറ്റുകള്‍ നേടി. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത് വിഭാഗം 41 സീറ്റും നേടി. പ്രതിപക്ഷത്തുള്ള ശിവസേന ഉദ്ധവ് വിഭാഗം ഉള്‍പ്പെട്ട മഹാ വികാസ് അഖാഡി 48 സീറ്റുകളിലൊതുങ്ങി.