Sat. Dec 14th, 2024

 

കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. സിപിഎം നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണം നീതിയുക്തമാകുമെന്ന് കരുതുന്നില്ലെന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സിബിഐ പോലുള്ള ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ നീതി ലഭ്യമാകൂവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ കോള്‍ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജി നല്‍കിയത്.

പ്രധാനമായും കണ്ണൂര്‍ കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലേയും സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ അടുത്ത ഡിസംബര്‍ മൂന്നിന് വിധി പറയും.