Fri. Dec 27th, 2024

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെതിരേ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ സംവിധായകന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി രാം ഗോപാല്‍ വര്‍മയ്ക്ക് പോലീസ് സമന്‍സ് അയച്ചിരുന്നു. ഇതോടെ, രാം ഗോപാല്‍ വര്‍മ ഒളിവില്‍ പോകുകയായിരുന്നു.

അദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീടിന് മുന്നില്‍വരെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വെര്‍ച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേനെ രാം ഗോപാല്‍ വര്‍മ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമ പ്രമോഷന്റെ ഭാഗമായാണ് രാം ഗോപാല്‍ വര്‍മ സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മോശം പരാമര്‍ശം നടത്തിയതായും ആരോപണമുണ്ട്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ പ്രചരിപ്പിച്ചത്. ഐടി ആക്ട് പ്രകാരമാണ് കേസ്.

തെലുങ്കുദേശം നേതാക്കള്‍ക്കെതിരേ നിരന്തരം രാം ഗോപാല്‍ വര്‍മ വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെതിരെയുള്ള (എന്‍ടിആര്‍) വിമര്‍ശനാത്മക ചിത്രമായിരുന്നു.