Tue. Nov 26th, 2024

 

തൃശ്ശൂര്‍: നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിലാണ് സംഭവം. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ 11 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടിക ജെകെ തിയേറ്ററിനടുത്താണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.50 നാണ് സംഭവം. കാളിയപ്പന്‍(50), ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്. പരിക്കേറ്റവരില്‍ ഒരാള്‍ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസില്‍ വിവരമറിയിച്ചത്.

ലോറി ഓടിച്ചിരുന്നത് ലൈസന്‍സില്ലാത്ത ക്ലീനറായിരുന്നു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശികളായ ഡ്രൈവര്‍ ചാമക്കാലച്ചിറ ജോസ് (54), ക്ലീനര്‍ ഏഴിയക്കുന്നില്‍ അലക്‌സ് (33) എന്നിവരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാന്‍ ക്ലീനര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.