Mon. Nov 25th, 2024

 

പാലക്കാട്: പാലക്കാട്ടെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മാറ്റിയാല്‍ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സി കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് പൊതുജനം ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള വ്യക്തമാക്കി.

അതേസമയം, ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് മറിച്ചെന്ന ആരോപണം പ്രമീള ശശിധരന്‍ തള്ളി. ആര്‍എസ്എസിലൂടെ പ്രവര്‍ത്തിച്ചുവന്ന ഒരാള്‍ക്കും വോട്ട് മറിക്കാന്‍ സാധിക്കില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. അതാണ് തിരഞ്ഞെടുപ്പില്‍ വ്യക്തമായത്. തന്റെ വാര്‍ഡില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും നഗരസഭ ഭരണത്തില്‍ പാളിച്ചയില്ലെന്നും പ്രമീള പറഞ്ഞു.

പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരാള്‍ പറഞ്ഞാല്‍ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കാന്‍ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കില്‍ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാര്‍ഥിയെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയത്. സി കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി നിന്നു. ബിജെപി ജയിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയെങ്കിലും ജനവിധി എതിരായെന്ന് പ്രമീള ചൂണ്ടിക്കാട്ടി.

ഒരേ ആള്‍ തന്നെ ആവര്‍ത്തിച്ച് സ്ഥാനാര്‍ഥിയായത് പ്രതിസന്ധിയായി. സി കൃഷ്ണകുമാറിന് സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി കൃഷ്ണകുമാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി രാജിവെക്കുമോ എന്നും തനിക്കറിയില്ല. കേന്ദ്ര, സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട കാര്യത്തില്‍ പ്രതികരിക്കുന്നില്ല.

നഗരസഭ ഭരണത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസ്ഥാന, ജില്ല നേതൃത്വമാണ് ഇടപെടേണ്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പാലക്കാട്ടുകാരനാണ്. പിഴവുണ്ടെങ്കില്‍ അക്കാര്യം അറിയിക്കേണ്ടത് നേതൃത്വമാണ്. ജില്ലാ നേതൃത്വത്തോട് ആലോചിച്ചാണ് നഗരസഭയുടെ ഭരണം മുന്നോട്ടു പോകുന്നത്.

തോല്‍വിയുടെ കാരണം നഗരസഭയുടെ മേല്‍ കെട്ടിവെക്കുകയാണ്. ജില്ല നേതൃത്വത്തിന്റെ കീഴിലുള്ള നഗരസഭ ഭരണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രമീള ശശിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.