Thu. Dec 26th, 2024

 

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ക്രിക്കറ്റിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ജയം.

ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി. അലക്‌സ് കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യയുടെ ജയം പൂര്‍ണമായത്.

ബുംറയും സിറാജും കരുത്തുകാട്ടിയപ്പോള്‍ പെര്‍ത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റര്‍മാര്‍ വീണു. 534 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 238 റണ്‍സിന് പുറത്തായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ഉസ്മാന്‍ ഖവാജയെ(4) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോറുയര്‍ത്തി. 17 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കി സിറാജ് ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു.

മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധ സെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹെഡ് സ്‌കോര്‍ 150 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ ഹെഡിനെ പുറത്താക്കി നായകന്‍ ബുംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 89 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

പിന്നാലെ 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. അതോടെ ഓസീസ് 182-7 എന്ന നിലയിലേക്ക് വീണു. 12 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ക്ക് ആക്കം കൂടി. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയത്തിലേറി.

മൂന്നാം ദിനം ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ജയ്സ്വാളിന്റേയും കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ഡ ലീഡ് സമ്മാനിച്ചത്. കോലി സെഞ്ചുറി തികച്ചതോടെ ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 297 പന്ത് നേരിട്ട ജയ്സ്വാള്‍ 15 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 161 റണ്‍സിലെത്തിയത്.

ഓപ്പണിങ് വിക്കറ്റില്‍ ജയ്സ്വാളും കെഎല്‍ രാഹുലും (77) ചേര്‍ന്ന് 201 റണ്‍സാണ് ചേര്‍ത്തത്. അഞ്ച് ഫോര്‍ രാഹുലിന്റെ ഇന്നിങ്സിലുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിന് ശക്തമായ അടിത്തറയായത്. വിക്കറ്റ് നഷ്ടം കൂടാതെ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ് ആരംഭിച്ചത്.

രണ്ടാം വിക്കറ്റില്‍ ദേവ്ദത്തിനൊപ്പം (25) 74 റണ്‍സ് ചേര്‍ന്ന ജയ്സ്വാള്‍ കോലിക്കൊപ്പം 38 റണ്‍സും കണ്ടെത്തി. കോലിയും വാഷിങ്ടണ്‍ സുന്ദറും (29) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 89 റണ്‍സും കോലിയും നിധീഷ്‌കുമാര്‍ റെഡ്ഡിയും (38) ചേര്‍ന്ന് ഏഴാം വിക്കറ്റിന് 77 റണ്‍സും ചേര്‍ത്തു. 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും നേടിയ നിധീഷാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനഘട്ടത്തില്‍ വേഗത്തിലാക്കിയത്.