കല്‍പ്പറ്റ: വയനാട്ടില്‍ റെക്കോര്‍ഡ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറി പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്കയുടെ വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്ന ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക പത്തുമണിയോടെ തന്നെ ലീഡ് ഒരുലക്ഷം കടത്തി.
610944 വോട്ടുകളാണ് പ്രിയങ്ക നേടിയത്. തൊട്ടുപിന്നിലുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് 2,06,978 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 1,07,971 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ ജയിച്ചത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായതാണ് തിരിച്ചടിയായത്.
ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന എല്‍ഡിഎഫ് അവകാശവാദം വെറുതെയായി. രാഹുലിനെ പോലെ സഹോദരി പ്രിയങ്കയെയും വയനാട്ടിലെ വോട്ടര്‍മാര്‍ നെഞ്ചോട് ചേര്‍ത്തു എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന ഫലം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്.