Tue. Dec 24th, 2024

 

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍. കണക്കുകള്‍ തെറ്റിപ്പോയി എന്നും എങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് 1500ഓളം വോട്ടുകള്‍ കൂട്ടാനായത് പ്രതീക്ഷ നല്‍കുന്നു എന്നുമാണ് സരിന്റെ പ്രതികരണം.

‘ജനങ്ങളുടെ പ്രതികരണത്തില്‍ പ്രതീക്ഷ വെച്ചാണ് വോട്ട് കണക്ക് പറഞ്ഞത്. കണക്ക് തെറ്റാന്‍ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയില്‍ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2000ലേറെ വോട്ടുകള്‍ കൂട്ടാന്‍ സാധിച്ചു എന്നൊക്കെ പറയുന്നത് ആ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടുന്നതാണ്.

നഗരസഭയില്‍ വലിയ വോട്ട് വര്‍ധനവുണ്ടായില്ല. അതിന്റെ പ്രധാനകാരണം നിഷ്പക്ഷമായി ചിന്തിച്ചു വരേണ്ടുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്തു ബിജെപി അറിഞ്ഞുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ സഹായിക്കാന്‍ രക്ഷകനായി അവതരിച്ചു. ആ യാഥാര്‍ഥ്യം ജനവിധി മറികടക്കുന്നതായി എന്നതാണ് വസ്തുത’, സരിന്‍ പറഞ്ഞു

യുഡിഎഫ് വിജയമുറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തേ സരിന്‍ ആദ്യ പ്രതികരണമറിയിച്ചിരുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടും നന്ദി രേഖപ്പെടുത്തുകയാണ് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.