Thu. Nov 21st, 2024

 

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനും പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

1990ല്‍ ശ്രീനഗറില്‍ നാല് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും 1989ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബയ്യ സയീദിനെ തട്ടികൊണ്ടുപോവുകയും ചെയ്തതാണ് യാസിന്‍ മാലിക്കിനെതിരായ കേസ്.

രണ്ട് കേസുകളിലെയും മുഖ്യപ്രതി യാസിന്‍ മാലിക് ആണ്. ഇതിന്റെ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു യാസിന്റെ ആവശ്യം. ഇത് ജമ്മു കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത് സിബിഐ അപ്പീല്‍ പോകുകയായിരുന്നു.

യാസിന്‍ മാലിക്കിനെ ജമ്മു കശ്മീരിലേക്ക് കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് കേന്ദ്ര ഏജന്‍സിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ജസ്റ്റിസ് എഎസ് ഓക്ക, ജസ്റ്റിസ് എജി മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ജമ്മുവിലെ മോശം ഇന്റര്‍നെറ്റ് സാഹചര്യം ചൂണ്ടിക്കാട്ടി എങ്ങനെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ക്രോസ് എക്സാമിനേഷന്‍ നടത്തുകയെന്ന് ജസ്റ്റിസ് എഎസ് ഓക്ക ആരാഞ്ഞു. നേരിട്ട് ഹാജരാകാമെന്ന നിലപാടില്‍ യാസിന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. എന്നാലിത് യാസിന്റെ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിക് മറ്റ് പല തീവ്രവാദികളെപ്പോലൊ ഒരാളല്ല എന്ന് തുഷാര്‍ മേത്ത പറഞ്ഞതിന് പിന്നാലെയാണ് നമ്മുടെ രാജ്യത്ത് അജ്മല്‍ കസബിന് പോലും ന്യായമായ വിചാരണ ലഭിച്ച കാര്യം ജസ്റ്റിസ് എഎസ് ഓക്ക ഓര്‍മ്മിപ്പിച്ചത്.

യാസിനെ നേരിട്ട് ഹാജരാക്കുന്നത് ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കേസിലെ സാക്ഷികള്‍ അപകടത്തിലായേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ജമ്മു കോടതി ഉത്തരവിനെ എതിര്‍ത്തത്. തീവ്രവാദ ഫണ്ടിങ് കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് യാസിന്‍.