ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദാനിയെ കൂടാതെ ഏഴ് പേര്‍ കേസില്‍ പ്രതികളാണ്.
അദാനിയുടെ മരുമകന്‍ സാഗര്‍ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകള്‍ സ്വന്തമാക്കാനായി 265 മില്യണ്‍ ഡോളര്‍ അദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയുടെ മുന്‍ സിഇഒ വിനീത് ജയിനും മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങള്‍ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഗൗതം അദാനി, സാഗര്‍ അദാനി, ജെയിന്‍ എന്നിവര്‍ക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ സിവില്‍ കേസും അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മറ്റുള്ള പ്രതികള്‍ക്കെതിരെ വിദേശത്തുള്ള അഴിമതി തടയുന്നതിനുള്ള നിയമം, അഴിമതി നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ പ്രതികളിലാരും കസ്റ്റഡിയിലില്ലെന്നാണ് യുഎസ് അറ്റോണി ബ്രിയോണ്‍ പീസ് പറഞ്ഞു.