Sat. Dec 14th, 2024

 

കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ കൂടുതല്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിര്‍ദേശിച്ചത് വിഎസ് സര്‍ക്കാരാണെന്ന് റഷീദലി തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങളേ വഖഫ് ബോര്‍ഡിന് ചെയ്യാനാകൂ. താന്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് തര്‍ക്കത്തിന് ആധാരമായ കാര്യമെന്ന പ്രചാരണം യാഥാര്‍ഥ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റഷീദലി തങ്ങള്‍ ‘ചന്ദ്രിക’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

‘വിഎസ് സര്‍ക്കാര്‍ 2007 സെപ്റ്റംബര്‍ 10ന് നിയോഗിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് വഖഫ് ബോര്‍ഡ് ചെയ്തത്. ഇതിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തമാകും. 12 കാര്യങ്ങളെ കുറിച്ചായിരുന്നു അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അതിലൊന്നായിരുന്നു മുനമ്പത്തെ ഭൂമി സംബന്ധിച്ച കാര്യങ്ങള്‍.

മാറിവന്ന ഇടത് സര്‍ക്കാര്‍ കമ്മീഷന്‍ നിലപാടിന് വിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുതെന്ന കത്ത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വില്‍പന നടത്തിയാല്‍ ആക്ട് പ്രകാരം അത്തരത്തിലുള്ള ആധാരം അസാധുവാണ്. അത്തരം ആധാരങ്ങള്‍ തിരിച്ചു പിടിക്കാന്‍ ബോര്‍ഡില്‍ വ്യവസ്ഥയുണ്ട്. സമൂഹ്യ വിഷയമായതിനാല്‍ പരിഹാരം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നതാണെന്നും’ റഷീദലി തങ്ങള്‍ ലേഖനത്തില്‍ പറയുന്നു.