Sun. Dec 22nd, 2024

 

കോഴിക്കോട്: പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്.

ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. 1983 ല്‍ പുറത്തിറങ്ങിയ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമാണ് ആദ്യചിത്രം.

40 കൊല്ലത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ അന്‍പതില്‍ അധികം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാഥന്‍, പില്‍ക്കാലത്ത് കാരക്ടര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞിരുന്നു. ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് അവസാനമായി അഭിനയിച്ചത്.