കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മ ഷീജയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐശ്വര്യ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോയതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ ഷീജ ഐശ്വര്യയെ വഴക്കുപറഞ്ഞിരുന്നു. അതിന് ശേഷമാണ് കാണാതായത്. ഓണ്‍ലൈന്‍ വഴി എന്‍ട്രന്‍സിന് തയ്യാറെടുക്കുകയായിരുന്നു ഐശ്വര്യ. സുഹൃത്തുക്കള്‍ കുറവായ ഐശ്വര്യ അധികമാരോടും ഇടപഴകാറില്ലെന്നും കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫ് ആയി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. നിലവില്‍ തൃശൂര്‍ പോലീസിന്റെ സംരക്ഷണയിലാണ് ഐശ്വര്യ. ഉടന്‍ തന്നെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരും. കേസ് അന്വേഷിക്കുന്ന കരുനാഗപ്പള്ളിയിലെ പൊലീസ് സംഘം തൃശൂരിലേക്ക് പോകും.