Sun. Dec 22nd, 2024

 

മുംബൈ: പണവുമായി എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ ഒറ്റിക്കൊടുത്തത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന് ആരോപണം. താവ്ഡെ പണവുമായി നല്ലസൊപ്പാരയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ബിജെപി പ്രവര്‍ത്തകരാണ് തന്നെ അറിയിച്ചതെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞിട്ടുണ്ട്.

അങ്ങിനെയെങ്കില്‍ അത് ദേവേന്ദ്ര ഫഡ്നാവിസിന്റെ അനുയായികളാവും എന്നാണ് ബിജെപി വൃത്തങ്ങള്‍തന്നെ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി വിജയിച്ചാല്‍ മുഖ്യമന്ത്രിയാകുന്നത് ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാകുമെന്നായിരുന്നു കേന്ദ്ര നേതാക്കള്‍ മുന്‍പ് പറഞ്ഞിരുന്നത്.

എന്നാല്‍ ഫഡ്നാവിസിനെ മറാഠ സംവരണ പ്രക്ഷോ ഭനേതാവ് ജരാങ്കെ പാട്ടീലും മറ്റും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ പ്രചാരണം ബിജെപി അവസാനിപ്പിക്കുകയായിരുന്നു. ഫഡ്നാവിസിന് എന്തെങ്കിലും കാരണവശാല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാല്‍ ആ പദവിയിലേക്ക് വിനോദ് താവ്ഡെ വരാന്‍ സാധ്യതയുണ്ട്.

മുന്‍പും മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി മാറേണ്ട അവസ്ഥ താവ്ഡെയ്ക്കുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്കുള്ള താവ്ഡെയുടെ നീക്കം അവസാനിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഫഡ്‌നാവിസിന്റെ ഇപ്പോഴത്തെ നീക്കമെന്നും വിലയിരുത്തലുണ്ട്.

പണം കണ്ടെടുത്ത സംഭവത്തില്‍ ബിവിഎ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് തള്ളിക്കയറുമ്പോള്‍ സിസിടിവി പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും പിന്നീട് അഘാഡി നേതാക്കളായ ഹിതേന്ദ്ര താക്കൂറിന്റെയും മകന്‍ ക്ഷിതിജ് താക്കൂറിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് സിസിടിവി പ്രവര്‍ത്തിപ്പിച്ചതെന്നും പറയുന്നു.

സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നാണ് ബിജെപി നേതാക്കളും ബഹുജന്‍ വികാസ് അഘാഡി നേതാക്കളും പറയുന്നത്. ഇരു പാര്‍ട്ടികളും ഒന്നിച്ച് ഹോട്ടലില്‍ പത്രസമ്മേളനം നടത്താന്‍ പരിപാടിയിട്ടെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പൂര്‍ണിമ ചൗഗലെ അറിയിച്ചു.