Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു. വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടുമെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

വിചാരണ നേരിടുന്നതില്‍ എതിര്‍പ്പില്ല. ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ എന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ആന്റണി രാജു വ്യക്തമാക്കി.

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസില്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പിഴവില്ല. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈക്കോടതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റാരോപണം.

മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ട് ഓസ്‌ട്രേലിയന്‍ പൗരനെ ഹൈക്കോടതി വെറുതെവിടുകയും ചെയ്തു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇതില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഏപ്രില്‍ 19ന് കേസിന്റെ വാദത്തിനിടെ ആന്റണി രാജുവിന്റെ അഭിഭാഷകനെതിരെ രൂക്ഷ വിമര്‍ശനം സുപ്രീംകോടതി നടത്തിയിരുന്നു. കേസില്‍ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്നാണ് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ അന്ന് വാദിച്ചത്. വസ്തുത തീരുമാനിക്കുന്ന ആന്റണി രാജുവാണോ എന്ന് കോടതി ചോദിച്ചു. കേസില്‍ ആദ്യം പ്രതിക്കൊപ്പമായിരുന്ന സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്‌നമായതെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകനോട് കോടതി ആരായുകയും ചെയ്തു.

മുന്‍ ഗതാഗത മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.