Sun. Dec 22nd, 2024

 

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ യുഡിഎഫിനെതിരെ സന്ദീപ് വാര്യരെ വെച്ചുള്ള തിരഞ്ഞടുപ്പ് പരസ്യവുമായി എല്‍ഡിഎഫ്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം.

എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ കുറിച്ചാണ് എന്നുള്ളതാണ് പ്രത്യേകത. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തില്‍ ഉള്ളത്.

സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം എന്നിവയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. അതേസമയം, സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്.

കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും ആര്‍എസ്എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

‘ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം’ എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസിനെതിരേ പരസ്യത്തില്‍ വിമര്‍ശിക്കുന്നത്.

വാര്‍ത്താ ശൈലിയിലുള്ള അഡ്വറ്റോറിയല്‍ പരസ്യമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എല്‍ഡിഎഫ് പുറത്തിറക്കിയത്. അതേസമയം, പരസ്യം നല്‍കിയത് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളിലും ടെലിവിഷനുകളിലും നല്‍കുന്ന പരസ്യത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. അനുമതി വാങ്ങാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി ഡിസൈന്‍ ഉള്‍പ്പെടെ നല്‍കിയാണ് അനുമതി വാങ്ങേണ്ടത്. ജില്ലാ കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയതാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരസ്യം നല്‍കി സ്ഥാനാര്‍ഥി വിജയിക്കുകയാണെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ എതിര്‍പക്ഷത്തിന് അവകാശമുണ്ട്. സ്ഥാനാര്‍ഥിക്ക് അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികളാകും പിന്നീടുണ്ടാവുക.