Sun. Dec 22nd, 2024

 

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബിജെപിയുടെ ദേശീയ നേതാവിനെ പിടികൂടിയത്.

ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഹോട്ടലില്‍ നിന്ന് 9.93 ലക്ഷം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിരാര്‍ ഈസ്റ്റിലെ വിവന്ത ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ബിജെപി സ്ഥാനാര്‍ഥി രാജന്‍ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്‌ഡെ എത്തിയതെന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം താവ്‌ഡെ തള്ളി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നമെന്നും താവ്‌ഡെ ആവശ്യപ്പെട്ടു.

പോളിങ്ങിനെയും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെയും കുറിച്ച് സ്ഥാനാര്‍ഥിയുമായി ചര്‍ച്ച ചെയ്യാനായി എത്തിയ തന്നെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നാണ് താവ്‌ഡെയുടെ വാദം. ‘അവര്‍ വിചാരിച്ചത് ഞാന്‍ പണം കൈമാറാനായി എത്തിയതാണെന്നാണ്. തിരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ എന്റെ വാഹനം പരിശോധിച്ചതാണ്. എന്നാല്‍ ഒന്നും കണ്ടെത്തിയിട്ടില്ല. അവര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണം’, താവ്‌ഡെ പറഞ്ഞു.

പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്ഡെയില്‍ നിന്ന് കണ്ടെത്തിയെന്നാണ് ആരോപണം. ഇത്തരത്തില്‍ രണ്ട് ഡയറികള്‍ കണ്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് വിനോദ് താവ്ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് എത്തിയാണ് വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റിയത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കോടികള്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനോദ് താവ്ഡെയെ പോലുള്ള മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ഇതില്‍ നേരിട്ട് പങ്കാളികളാവുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്‍സിപി നേതാവ് സുപ്രിയ സുലേയും ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നോട്ട് നിരോധനം നടപ്പാക്കിയ ബിജെപി തന്നെയാണ് മഹാരാഷ്ട്രയില്‍ കോടികള്‍ ഒഴുക്കുന്നത്. എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്. താവ്ഡെയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിന്റെ ഭാഗമാവുന്നത് ഞെട്ടിക്കുന്നതാണെന്നും സുലേ പറഞ്ഞു.

അതേസമയം, ബിജെപി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബഹുജന്‍ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് താവ്ഡെ ഹോട്ടലിലെത്തിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.