Sun. Dec 22nd, 2024

 

കാസര്‍കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വടകരയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയത് പോലെ പാലക്കാടും തിരഞ്ഞെടുപ്പിന്റെ തലേന്ന് മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്‍കി വര്‍ഗീയ പ്രചരണത്തിനാണ് സിപിഎം ശ്രമിച്ചിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

സിപിഎമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സന്ദീപ് വാര്യര്‍ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സിപിഎം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല.

എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തുമെന്നും’ അദ്ദേഹം പറഞ്ഞു.

‘പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്തുവന്നാലും യുഡിഎഫ് തോല്‍ക്കണമെന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പത്ത് മിനിട്ടു കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന മുനമ്പം വിഷയം പരിഹരിക്കാതെ ക്രൈസ്തവര്‍ക്കും മുസ്ലീംകള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ സംഘപരിവാറിനും ബിജെപിക്കും അവസരമുണ്ടാക്കി കൊടുത്തത്. ബിജെപി-സിപിഎം ബാന്ധവമാണ് പലക്കാട് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തെ ഹീനമായ വര്‍ഗീയ പ്രചരണത്തിലൂടെയും പുറത്തു വന്നിരിക്കുന്നത്’, സതീശന്‍ പറഞ്ഞു.

‘ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഞങ്ങള്‍ പുരോഗമന പാര്‍ട്ടിയല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സിപിഎം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നു.

സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രിസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നം? ആര്‍എസ്എസ് അക്രമി സംഘത്തിന് നേതൃത്വം നല്‍കിയെന്നു പറയുന്ന ഒകെ വാസുവിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം നല്‍കിയ ആളാണ് പിണറായി വിജയന്‍.

സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ല. വ്യാജമായ കാര്യങ്ങള്‍ വരെ കുത്തിനിറച്ചുള്ള വര്‍ഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബിജെപിയുടെ നാവും മുഖവും ആയിരുന്ന ആള്‍ അത് ഉപേക്ഷിച്ചപ്പോള്‍ ബിജെപിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സിപിഎമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒകെ വാസുവിന് മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂ’, സതീശന്‍ കൂട്ടിച്ചേര്‍ത്തു.