Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെയും മറ്റ് ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് ഗെഹ്ലോട്ട് അംഗത്വം സ്വീകരിച്ചു. നിരവധി പേര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നും ഖട്ടര്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും കഴിഞ്ഞ ദിവസമാണ് ഗെഹ്ലോട്ട് രാജിവെച്ചത്. എഎപി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി.

പാര്‍ട്ടി വിടാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞ ഗെലോട്ട് താന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും പറഞ്ഞു. ഒറ്റ ദിവസം കൊണ്ടല്ല താന്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളി അകത്തുനിന്ന് തന്നെയാണെന്നും കൈലാഷ് ഗെലോട്ട് പറഞ്ഞു.

ജനങ്ങളെ സേവിക്കുക എന്നതില്‍ നിന്ന് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയായി എഎപി മാറി. എഎപി പാവങ്ങളുടെ പാര്‍ട്ടിയാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ ഡല്‍ഹിയുടെ വികസനം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തില്‍ തുടരുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, കൈലാഷ് ഗെലോട്ടിന് പകരം രഘുവീന്ദര്‍ ഷോക്കീന്‍ ഡല്‍ഹിയിലെ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കും.