Sat. Jan 18th, 2025

 

പാലക്കാട്: സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക് ചേക്കേറിയെന്നേ ഇതില്‍ കാണാനുള്ളൂ.

നിലപാട് വ്യക്തമാക്കാത്തതിനാല്‍ സന്ദീപ് സിപിഎമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിലേക്ക് സന്ദീപല്ല ആര് ചേര്‍ന്നാലും ഉപ തിരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

”വ്യക്തിപരമായ പ്രശ്‌നങ്ങളുള്‍പ്പെടെ വന്നതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപിയുമായി ഇടഞ്ഞത്. ബിജെപി നേതൃത്വവുമായി അദ്ദേഹം പല വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത വന്നു. സിപിഎമ്മിനെ സംബന്ധിച്ച നയമാണ് പ്രധാനം.

ഇന്നലെ വരെയുള്ള നിലപാടില്‍നിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേരുന്നുവെങ്കില്‍ തള്ളിപ്പറയുന്ന സമീപനം സിപിഎം സ്വീകരിച്ചിട്ടില്ല. മുമ്പും അതുതന്നെയാണ് നിലപാട്. സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉള്‍പ്പെടെ സ്വീകരിച്ച നിലപാട് അതാണ്.

സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് നന്നായി, കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക് ചേക്കേറി. അത്രയേ ഇതില്‍ കാണാനുള്ളൂ. അതില്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അവര്‍ക്ക് പലതും കാണും. അതുകൊണ്ടാണല്ലോ സ്‌നേഹത്തിന്റെ കട എന്നൊക്കെ പറയുന്നത്.

നിലപാട് വ്യക്തമാക്കാത്തതിനാല്‍ അദ്ദേഹം സിപിഎമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തിരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കും”, എംവി ഗോവിന്ദന്‍ പറഞ്ഞു.