Sat. Jan 18th, 2025
Hema Committee report will not be released today

 

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 10 സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 14 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. ഇതിന് പുറമെ നാല് കേസുകളില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ അന്വേഷണം പുരോഗമിക്കുക ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം, ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താല്‍പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം ഫയല്‍ ചെയ്ത്.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്നായിരുന്നു സജിമോന്റെ വാദം.

എന്നാല്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമായാല്‍ ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശരിയായ അന്വേഷണം നടന്നാല്‍ മാത്രമേ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ, കള്ളമാണോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത് എങ്കിലും, കമ്മിറ്റിയുടെ പ്രവര്‍ത്തനം അതില്‍ മാത്രം ഒതുക്കി നിറുത്തണമെന്ന് പറയാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.