Wed. Apr 2nd, 2025

 

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്.

അപകടത്തില്‍ 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട സമയത്ത് 50ലേറെ കുഞ്ഞുങ്ങള്‍ എന്‍ഐസിയുവില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്താന് രോഗികളെ പുറത്തെത്തിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഝാന്‍സി മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഖകരവും ഹൃദയഭേദകവുമാണെന്ന് യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.