Sat. Dec 14th, 2024

 

മലപ്പുറം: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭൂ പ്രശ്‌നത്തിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിത്. അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേര്‍ന്ന കാര്യമല്ല. മുസ്ലിം സംഘടനകള്‍ യോഗം കൂടി കാര്യം വ്യക്തമാക്കിയതാണ്. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഞങ്ങള്‍ സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ട്. ഇനി അതിന്റെ സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.

വിഷയത്തിലെ പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഈ പ്രശ്നം വരുന്നത്. 2009ല്‍ നിസാര്‍ കമ്മീഷനെ നിയോഗിച്ചത് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം ഏറ്റെടുക്കണം എന്നൊക്കെ തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുണ്ടായ നടപടികളൊക്കെ. ബോര്‍ഡ് ചെയര്‍മാന്‍മാരൊക്കെ മാറി വന്നിട്ടുണ്ടാകും.

ഇടയ്ക്ക് ഓരോരുത്തര്‍ പറയുന്ന പ്രസ്താവനകള്‍ വെച്ച് കേരളത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ചേരിതിരിവ് ഉണ്ടാക്കുന്ന പരിപാടികള്‍ നടത്തരുത്. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ആവശ്യമാണ്. പക്ഷേ, ഇത് അതിനുവേണ്ടി ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പുമായി നിലപാടിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗിന്റെ നിലപാട് അവിടെ രമ്യമായ പരിഹാരം വേണമെന്ന് തന്നെയാണ്.

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ അജണ്ടയിലുള്ള വിഷയം, അവിടുത്തെ ബിഷപ്പുമാരുമായി അവസരം ലഭിച്ചാല്‍ സംസാരിക്കണമെന്നാണ്. ആ നിലയിലേക്ക് ഞങ്ങള്‍ കാര്യങ്ങള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്‍കൈയെടുക്കും. പരിഹാരമുണ്ടാക്കാനാകുന്ന വിഷയമാണിത്. എന്തിനാണ് വെറുതെ ഈ വിഷയം എടുത്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്നത്. ഓരോരുത്തര്‍ മുനമ്പത്ത് വന്ന് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.