Wed. Dec 18th, 2024

 

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഈ മാസം 19ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത്. സാലറി ചാലഞ്ചിനെ എതിര്‍ത്ത കോണ്‍ഗ്രസ് ഇക്കാര്യത്തിലും കേരളത്തിലെ പൊതുതാത്പര്യത്തിനൊപ്പമല്ല പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കുന്ന സ്ഥിതിയാണ് അനുഭവത്തിലുളളത്.

പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചിതിന് പിന്നാലെ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. മൂന്ന് മാസമായി ഒന്നും നല്‍കിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസപ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും മറ്റും സഹായം ലഭിക്കാന്‍ കഴിയുമായിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരന്തബാധിരുടെ വായ്പകള്‍ എഴുതിതള്ളക എന്നതിനൊന്നും ഒരുതരത്തിലുമുളള പ്രതികരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പ്രളയമുണ്ടായതിന് പിന്നാലെ മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് നിഷേധാത്മകമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.