Fri. Nov 15th, 2024

 

മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ തുറന്നുപറച്ചില്‍. 2019ല്‍ ഗൗതം അദാനിയുടെ വീട്ടില്‍ വച്ചാണ് ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടന്നതെന്നാണ് അജിത് പവാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ചര്‍ച്ചകളില്‍ അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ്, ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം അദാനിയും സംബന്ധിച്ചിരുന്നുവെന്നും എന്‍സിപി നേതാവിന്റെ വെളിപ്പെടുത്തലിലുണ്ട്.

‘ന്യൂസ്ലോണ്‍ഡ്രി’യുടെ ശ്രീനിവാസന്‍ ജെയിനിനു നല്‍കിയ അഭിമുഖത്തിലാണ് 2019ല്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് അജിത് പവാര്‍ സംസാരിച്ചത്. ഡല്‍ഹിയിലെ അദാനിയുടെ വസതിയിലായിരുന്നു നേതാക്കള്‍ ചര്‍ച്ചയ്ക്കായി കൂടിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയും താന്‍ ഉപമുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘അഞ്ചു വര്‍ഷമായി ആ യോഗം ചേര്‍ന്നിട്ട്. എവിടെയാണ് അത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഡല്‍ഹിയില്‍ ഒരു ബിസിനസുകാരന്റെ വീട്ടിലായിരുന്നു യോഗം. അഞ്ച് യോഗങ്ങള്‍ ചേര്‍ന്നു. എല്ലാവരും അവിടെയുണ്ടായിരുന്നു. അമിത് ഷായും ഗൗതം അദാനിയും പ്രഫുല്‍ പട്ടേലും ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ശരദ് പവാറുമെല്ലാം. എല്ലാം അവിടെവച്ചാണ് തീരുമാനിച്ചത്’, അജിത് പവാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ശരദ് പവാറിന്റെ പൂര്‍ണ അറിവോടെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് വിഷയത്തില്‍ താന്‍ ഇടപെട്ടതെന്നും അജിത് പറയുന്നു. ‘മുതിര്‍ന്ന നേതാക്കള്‍ പറയുന്നതാണ് ഞങ്ങളെല്ലാം ചെയ്യുന്നത്. സര്‍ക്കാര്‍ താഴെവീണപ്പോള്‍ അതിന്റെ പഴി എനിക്കായിരുന്നു. ഞാനത് ഏറ്റെടുക്കുകയും ചെയ്തു. ഉത്തരവാദിത്തമേറ്റു മറ്റുള്ളവരെ സംരക്ഷിക്കുകയായിരുന്നു താന്‍ ചെയ്തതെന്നും’ അദ്ദേഹം പറഞ്ഞു.

2014ല്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ എന്‍സിപി പിന്തുണ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എന്‍സിപി വക്താവ് പ്രഫുല്‍ പട്ടേലാണ് ബിജെപിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് അജിത് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി മാത്രമായായിരുന്നു ആ പിന്തുണ. ഇതിനുശേഷമാണ് ബിജെപിയും ശിവസേനയും ഒന്നിക്കുന്നതെന്നും അജിത് പവാര്‍ സൂചിപ്പിച്ചു.

ശരദ് പവാറിന്റെ മനസ് പിന്നീട് എങ്ങനെ മാറിയെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മനസിലുള്ളത് ലോകത്ത് ഒരാള്‍ക്കും വായിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം. നമ്മുടെ സുപ്രിയയ്ക്കോ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പോലും അതു മനസിലാക്കാനാകില്ല. അത്തരത്തിലൊരു നേതാവാണ് അദ്ദേഹം. നിലപാട് മാറ്റാനുള്ള കാരണം അറിയില്ലെന്നും അജിത് പറഞ്ഞു.

ബിജെപിയോട് കൂട്ടുകൂടുന്നതിന്റെ പ്രത്യയശാസ്ത്ര പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് രണ്ടര വര്‍ഷത്തോളം എന്‍സിപിയോട് കൂട്ടുകൂടിയതാണ് അജിത് പവാര്‍ ചൂണ്ടിക്കാട്ടിയത്. പ്രത്യയശാസ്ത്രത്തെ കുറിച്ചൊന്നും ചോദിക്കേണ്ട. മഹാരാഷ്ട്ര രാഷ്ട്രീയം ആകെ മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും അധികാരമാണ് വേണ്ടത്. അതിനു വേണ്ടി പ്രത്യയശാസ്ത്രം മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ അദാനി സര്‍ക്കാരാണെന്നതിന്റെ തെളിവാണ് അജിത് പവാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ശിവസേന ഉദ്ദവ് പക്ഷം വക്താവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇരിക്കാന്‍ അദാനിക്ക് എന്താണ് നിയമപരമായ അവകാശമെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ വര്‍ഷ ഗെയ്ക്ക്വാദ് ചോദിച്ചു. ധാരാവി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സ്വന്തമാക്കാനായി അദാനിക്ക് വേണ്ടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയതെന്നും അവര്‍ ആരോപിച്ചു.