Sun. Dec 22nd, 2024

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

നാവാമുകുന്ദ, മാര്‍ബേസില്‍ എന്നീ സ്‌കൂളുകളോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദീകരണം തേടും. വിദ്യാഭ്യാസ വകുപ്പ് ചേര്‍ന്ന റിവ്യൂ മീറ്റിങ്ങിലാണ് അന്വേഷണത്തിനുള്ള തീരുമാനം.

കായികമേളയുടെ സമാപനത്തില്‍ പൊയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. നവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

വെബ്‌സൈറ്റില്‍ രണ്ടാം സ്ഥാനവും എന്നാല്‍ വേദിയില്‍ തഴയപ്പെട്ടെന്നുമാണ് നാവാമുകുന്ദ സ്‌കൂള്‍ ആരോപിച്ചത്. നാഷണല്‍ ചാമ്പ്യന്മാര്‍ പോലും ഉണ്ടായിട്ടും രണ്ടര വര്‍ഷത്തെ തങ്ങളുടെ അധ്വാനമാണ് ഇപ്പോള്‍ ഇല്ലാതായതെന്നും മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സ്‌പോര്‍ട്‌സ് സ്‌കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുകയുണ്ടായി.

ഒരറിയിപ്പുമില്ലാതെ ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലേക്ക് കടന്നത്.