Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മണിപ്പൂരിലേക്ക് കൂടുതല്‍ സേനയെ അയച്ച് കേന്ദ്ര സര്‍ക്കാര്‍. 20 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയാണ് മണിപ്പൂരിലേക്ക് അയച്ചത്. എയര്‍ ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘര്‍ഷ സംഭവങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിയത്. കുക്കി വിഭാഗത്തില്‍പ്പെട്ട 11 പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ജിരിബാമില്‍നിന്ന് കാണാതായ ആറ് മയ്‌തെയി വിഭാഗക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ജിരിബാമിലെയും ഇംഫാല്‍ വെസ്റ്റിലെയും പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 20 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെക്കൂടി സംസ്ഥാനത്ത് വിന്യസിക്കുന്നത്. സിആര്‍പിഎഫില്‍നിന്ന് പതിനഞ്ചും ബിഎസ്എഫില്‍നിന്ന് അഞ്ചും കമ്പനി കേന്ദ്രസേനയാണ് അധിക സുരക്ഷയൊരുക്കുക. നിലവില്‍ 198 കമ്പനി കേന്ദ്ര സേനയാണ് മണിപ്പൂരിലുള്ളത്.