Wed. Jan 22nd, 2025

 

കണ്ണൂര്‍: ആത്മകഥ എഴുതിത്തീര്‍ന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍. ഇന്ന് പുറത്തുവന്ന കഥകള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണ്. അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എഴുതി തീരാത്ത പുസ്തകം തിരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്നതില്‍ പ്രസിദ്ധീകരണക്കാരുടെ കൈകളുണ്ടോ എന്നും സംശയിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

‘പുസ്തകം പത്തരക്ക് പ്രസിദ്ധീകരിക്കുമെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. മാതൃഭൂമി ബുക്‌സും ഡിസി ബുക്‌സും പുസ്തകം പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. അവരോട് ആലോചിച്ചിട്ട് പറയാമെന്നാണ് മറുപടി പറഞ്ഞതെന്നും’ ഇപി വ്യക്തമാക്കി.

‘സ്ഥാനാര്‍ഥികളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പോലും ബോധപൂര്‍വം ഉണ്ടാക്കിയതാണ്. വ്യാജമായ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച ആസൂത്രിതമായ നീക്കമാണിത്. പാര്‍ട്ടിയെയും തന്നെയും നശിപ്പിക്കാനുള്ള നീക്കമാണിത്. തന്നെ ഉപയോഗിച്ച് തെറ്റായ വാര്‍ത്ത ഉണ്ടാക്കുകയാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും’ ഇപി ജയരാജന്‍ പറഞ്ഞു.

വിവാദമായതോടെ ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെക്കുകയാണെന്ന് ഡിസി ബുക്‌സ് അറിയിച്ചിരുന്നു. സിപിഎമ്മിനെതിരെ തുറന്നടിക്കുന്ന രീതിയിലുള്ള ഇപിയുടെ പരാമര്‍ശങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇപി ജയരാജന്‍ എഴുതിയ ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തുവന്നത്.

രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇപി ജയരാജന്റെ കവര്‍ ചിത്രമുള്ള പുസ്തകമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥയെഴുതാന്‍ തീരുമാനിച്ചതായി ഇപി ജയരാജന്‍ നേരത്തേ പറഞ്ഞിരുന്നു.