Thu. Dec 26th, 2024

 

കല്‍പറ്റ: വഖഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത സംവിധാനമാണെന്നും ആ കിരാതത്തെ ഒതുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബോര്‍ഡിന്റെ പേര് താന്‍ നേരിട്ട് പറയില്ലെന്ന് പറഞ്ഞായിരുന്നു വഖഫിനെതിരെ കേന്ദ്ര മന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

‘മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂര്‍ പൊക്കിനടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ്. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും’ സുരേഷ് ഗോപി പറഞ്ഞു.

അമിത് ഷായുടെ ഓഫിസില്‍ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വയനാട് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

മുനമ്പത്തെ മാത്രമല്ല അങ്ങനെ ഒരു വിഭാഗത്തെ മാത്രമായി സംരക്ഷിക്കാനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി അധികാരത്തില്‍ ഇരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ബോര്‍ഡും ഇവിടെ തണ്ടെല്ലോടെ നില്‍ക്കില്ലെന്നും ആ തണ്ടെല്ല് ഞങ്ങള്‍ ഊരിയിരിക്കുമെന്ന് വ്യക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും ഇതേ വേദിയില്‍ വെച്ച് വഖഫ് വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. 18-ാം പടിക്ക് താഴെ ഇരിക്കുന്ന വാവര് താന്‍ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ ശബരിമല വഖഫിന്റെതാകും. അയ്യപ്പന്‍ ശബരിമലയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.