Wed. Jan 22nd, 2025

 

ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, മുഴുവന്‍ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ച് ട്രൂഡോ രംഗത്തെത്തുന്നത്.

കനേഡിയന്‍ സര്‍ക്കാര്‍ സിഖ് വിഘടനവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ഇന്ത്യയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് ട്രൂഡോയുടെ വെളിപ്പെടുത്തല്‍. ‘കാനഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്ന ഹിന്ദുക്കളുണ്ട്. എന്നാല്‍, മുഴുവന്‍ ഹിന്ദുക്കളും ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുണക്കുന്നില്ലെന്നും’ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഒട്ടാവ പാര്‍ലമെന്റ് ഹാളില്‍ നടന്ന ദീപാവലി ആഘോഷ ചടങ്ങിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ട്രൂഡോയുടെ പ്രസ്താവന. ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് 2023 സെപ്തംബറില്‍ ട്രൂഡോ ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇന്ത്യ നിജ്ജാര്‍ വധത്തിന് തെളിവ് ചോദിച്ചുവെങ്കിലും ഇന്റലിജന്‍സ് വിവരങ്ങളല്ലാതെ മറ്റൊരു തെളിവുമില്ലെന്നായിരുന്നു കാനഡയുടെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെ കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ വാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കാനഡ ആരോപിച്ചിരുന്നു.